
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 29,429 പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർധനവാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,36,181 ആയി. രോഗവ്യാപന നിരക്ക് ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടക്കും. മരണ സംഖ്യയും ഉയരുകയാണ്. 582 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. ഇത് വരെ 24,309 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.
രോഗമുക്തി നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 5,92,031 പേർ ഇത് വരെ രോഗമുക്തരായെന്നാണ് സർക്കാർ കണക്ക്. 3,19,840 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് കേസുകളിൽ ഭൂരിഭാഗവും മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്. 2,67,665 പേർക്കാണ് മഹാരാഷ്ട്രയിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 1,47,324 പേർക്കും ഇത് വരെ രോഗം സ്ഥിരീകരിച്ചു.
ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഡിസിജിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഐസിഎംആർ ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. എലികളിലും മുയലുകളിലും വാക്സിൻ പരീക്ഷണം വിജയകരമായിരുന്നു. അനുമതി ലഭിച്ചാലുടൻ മനുഷ്യരിൽ ആദ്യ ഘട്ട വാക്സിൻ പരീക്ഷണം നടത്തുമെന്നാണ് ഐസിഎംആർ ഡയറക്ടർ ജനറൽ ബലറാം ഭാർഗവ ഇന്നലെ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam