കൂടുതൽ കടുത്ത നടപടിയുമായി കോൺഗ്രസ്, സച്ചിൻ പൈലറ്റിന്‍റെ സുപ്രധാന തീരുമാനം ഇന്നുണ്ടായേക്കും

By Web TeamFirst Published Jul 15, 2020, 8:07 AM IST
Highlights

സച്ചിൻ പൈലറ്റിനെ അയോഗ്യനാക്കാൻ കോൺഗ്രസ് സ്പീക്കർക്ക് കത്തു നല്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സച്ചിൻ പൈലറ്റിനെതിരെ കൂടുതൽ നടപടിയുമായി കോൺഗ്രസ്. സച്ചിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാൻ സ്പീക്കർക്ക് കത്ത് നൽകുമെന്ന വിവരമാണ് ഒടുവിലായി പുറത്ത് വരുന്നത്. അതേ സമയം രാജസ്ഥാനിൽ രാഷ്ചട്രീയ പ്രതിസന്ധിക്കിടെ സച്ചിൻ പൈലറ്റ് തന്റെ അടുത്ത നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും. സച്ചിൻ പൈലറ്റിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കൾ വസുന്ധരരാജെ സിന്ധ്യയുടെ സാന്നിധ്യത്തിൽ ജയ്പൂരിൽ യോഗം ചേരുന്നുണ്ട്. സച്ചിനെ മുഖ്യമന്ത്രിയാക്കി ഗലോട്ട് സർക്കാരിനെ വീഴ്ത്താനാവുമോ എന്ന നിർദ്ദേശവും യോഗം ചർച്ച ചെയ്യും. 

എന്നാൽ സർക്കാരിന് ഒരു ഭീഷണിയുമില്ലെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. അശോക് ഗലോട്ടിനെ പിന്തുണയ്ക്കുന്ന 104 എംഎൽഎമാർ ജയ്പൂരിലെ റിസോർട്ടിൽ തുടരുകയാണ്. എന്നാൽ ഭരണപക്ഷത്തെ നാലോ അഞ്ചോ പേർ കൂടി കാലുമാറിയാൽ സർക്കാർ വീഴും. അതിനാൽ സച്ചിനൊപ്പം പോയ ചിലരെ തിരിച്ചുകൊണ്ടുവരാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഗലോട്ട് സർക്കാർ അധികാരമേറ്റമുതൽ തുടങ്ങിയ വടംവലിക്കൊടുവിലാണ് ഇപ്പോൾ നാല്പത്തിരണ്ടുകാരനായ യുവനേതാവ് പുറത്തേക്ക് പോകുന്നത്. 

അശോക് ഗലോട്ടിനെ മാറ്റണമെന്ന നിലപാടിൽ ഉറച്ചു നിന്ന സച്ചിൻ പൈലറ്റ് നിയമസഭാകക്ഷി യോഗവും ബഹിഷ്ക്കരിച്ചതോടെയാണ്  കടുത്ത നടപടിക്ക് കോൺഗ്രസ് തീരുമാനം എടുത്തത്. സച്ചിൻ പൈലറ്റിന് പകരം സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനായി ഗോവിന്ദ് സിംഗ് ദൊതാസ്ത്രയെ നിയമിച്ചു. സച്ചിൻ പൈലറ്റിനൊപ്പം പോയ രണ്ടു മന്ത്രിമാരെ പുറത്താക്കി. യൂത്ത് കോൺഗ്രസ്, സേവാദൾ അദ്ധ്യക്ഷൻമാരെയും മാറ്റി. 

പ്രിയങ്കഗാന്ധി ഉൾപ്പടെയുള്ളവർ നിരന്തരം ആവശ്യപ്പെട്ടിട്ടും സച്ചിൻ സമവായത്തിന് തയ്യാറായില്ലെന്നാണ് വിവരം. അശോക് ഗലോട്ടിനെ മാറ്റിയുള്ള ഒത്തുതീർപ്പില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. സച്ചിൻ പൈലറ്റിനെതിരെ നടപടി വേണമെന്ന അശോക് ഗലോട്ടും നിലവിൽ കോൺഗ്രസിനൊപ്പം നില്ക്കുന്ന എംഎൽഎമാരുടെ ആവശ്യപ്പെട്ടതോടെ കോൺഗ്രസിന് മുന്നിൽ മറ്റു വഴികളില്ലാതായി. 
അതേ സമയം സച്ചിൻ പൈലറ്റിനെ ബിജെപിയിലേക്ക് ക്ഷണിക്കുകയാണ് നേതാക്കള്‍. സച്ചിൻ പൈലറ്റിന് സ്വാഗതമെന്ന് ബിജെപി നേതാവ് ഓം മാഥുർ വ്യക്തമാക്കി. 

click me!