കര്‍ണാടകയിൽ രണ്ട് ജില്ലകൾ പൂര്‍ണ്ണമായും അടച്ചിടും, ബെംഗളൂരുവിലും വീണ്ടും ലോക്ഡൗൺ

By Web TeamFirst Published Jul 15, 2020, 6:58 AM IST
Highlights

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കർണാടക. രോഗവ്യാപനം രൂക്ഷമായ മറ്റു ജില്ലകളിലും ലോക്ഡൗൺ നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.

ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ കർണാടകത്തിലെ രണ്ട് ജില്ലകളില്‍ വീണ്ടും ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്‍ഡൗൺ. ബെംഗളൂരു അർബന്‍, റൂറല്‍ ജില്ലകളാണ് പൂർണ്ണമായും അടച്ചിടുന്നത്. ഇന്നലെ മാത്രം 87 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കർണാടക. രോഗവ്യാപനം രൂക്ഷമായ മറ്റു ജില്ലകളിലും ലോക് ഡൗൺ നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.

രാജ്യത്തെ മറ്റു മഹാ നഗരങ്ങളില്‍നിന്നു വ്യത്യസ്തമായി ആദ്യഘട്ടത്തില്‍ കൊവിഡിനെ പ്രതിരോധിച്ച് പിടിച്ചുനിന്ന ബെംഗളൂരുവിലും കഴിഞ്ഞ കുറച്ചു ദിവസമായി സ്ഥിതി രൂക്ഷമാവുകയാണ്. ബെംഗളൂരു അർബന്‍ റൂറല്‍ ജില്ലകളില്‍ ഇന്നലെ രാത്രി എട്ടുമണിമുതല്‍ വീണ്ടും ലോക് ഡൗൺ നിലവില്‍ വന്നു. ജൂലൈ 22 ന് പുലർച്ചെ വരെയാണ് ലോക് ഡൗൺ. അവശ്യ സേനവങ്ങളും ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ പ്രവർത്തിക്കുകയുള്ളൂ. 

പൊതുഗതാഗത സംവിധാനങ്ങളുണ്ടാകില്ല. രോഗ വ്യാപനം രൂക്ഷമായ ബെംഗളൂരു നഗരത്തില്‍ മാത്രം 15,599 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെമാത്രം 56 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് കാരണം മരിച്ചവരുടെ എണ്ണം 842 ആയി. രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും തൊട്ടു പിന്നിലാണ് കർണാടക. 25,839 പേരാണ് സംസ്ഥാനത്താകെ ചികിത്സയിലുള്ളത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44,077 ആണ്. കേരളത്തോട് അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡയിലും ധാർവാഡിലും നാളെ മുതല്‍ ജൂലൈ ഇരുപത്തിനാല് വരെ ലോക്ഡൗൺ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. രോഗ വ്യാപനം രൂക്ഷമായ മറ്റു ജില്ലകളിലും വൈകാതെ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കും.

click me!