മുംബൈയിൽ നഴ്സുമാർക്ക് രോഗമുണ്ടോ എന്ന് പോലും അറിയാതെ ജോലി ചെയ്യേണ്ട ദുരവസ്ഥ - വീഡിയോ

By Web TeamFirst Published Apr 23, 2020, 11:06 AM IST
Highlights

മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പരിശോധനാഫലം പോലും നൽകാതെ ക്വാറന്‍റീനിൽ കഴിയുന്ന നഴ്സുമാരെ ജോലിചെയ്യാൻ നിർബന്ധിക്കുന്നതായാണ് പരാതി ഉയരുന്നത്. കൂടെ താമസിച്ചിരുന്ന നഴ്സിന് രോഗം സ്ഥിരീകരിച്ചിട്ടും, ഇവരെ കൃത്യമായി പരിശോധിക്കാനോ, പരിശോധിച്ച ഫലം നൽകാനോ ആശുപത്രി തയ്യാറല്ല. 

മുംബൈ: നഗരത്തിലെ പ്രമുഖ ആശുപത്രികളിലൊന്നായ ബ്രീച്ച് കാൻഡിയിൽ കൊവിഡ് രോഗം ഭേദമാകുന്നതിന് മുമ്പ് തന്നെ ചികിത്സയിൽ കഴിഞ്ഞ നഴ്സുമാരെ ഹോസ്റ്റലിലേക്ക് തിരികെ വിട്ടതായി പരാതി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സിനെ ആദ്യ ടെസ്റ്റ് നെഗറ്റീവായപ്പോൾത്തന്നെ തിരികെ ഹോസ്റ്റലിലേക്ക് വിട്ടു. അതിന് ശേഷം രണ്ടാം ടെസ്റ്റിൽ വീണ്ടും പോസിറ്റീവായപ്പോൾ രണ്ടാമതും ഇവരെ അർദ്ധരാത്രിയോടെ ആംബുലൻസിൽ കയറ്റിക്കൊണ്ട് പോയി. കൃത്യമായി പരിശോധന നടത്താൻ ആശുപത്രി തയ്യാറാകുന്നില്ലെന്നും, സാമ്പിളുകളെടുത്ത് കൊണ്ടുപോവുകയല്ലാതെ പരിശോധനാഫലം കാണിച്ച് തരുന്നില്ലെന്നും മലയാളി നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ക്വാറന്‍റീനിൽ കഴിയുന്ന നഴ്സുമാർ തീർത്തും ദുരിതസ്ഥിതിയിലാണ്. ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗം പടരുന്ന സാഹചര്യത്തിൽ ടെസ്റ്റുകൾ നടത്തുന്നുണ്ട്. ഫലം പോസിറ്റീവാണോ നെഗറ്റീവാണോ എന്നറിയില്ല. ഫലം കാണിക്കാൻ ആശുപത്രി അധികൃതർ തയ്യാറല്ല. നിങ്ങളുടെ ഫലം നെഗറ്റീവാണെന്ന് വാക്കാൽ പറയുന്നത് മാത്രമേയുള്ളൂ. രോഗലക്ഷണങ്ങളുള്ളവർക്ക് പോലും രോഗമില്ലെന്നാണ് പറയുന്നത്. ലക്ഷണങ്ങളില്ലാത്തവർക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടിവരുമ്പോൾ, ലക്ഷണങ്ങളുള്ളവർക്കും രോഗമില്ലെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്ന് നഴ്സുമാർ ചോദിക്കുന്നു. ഫലം നേരിട്ട് നൽകാൻ പറയുമ്പോഴൊന്നും ആശുപത്രി അധികൃതർക്ക് മിണ്ടാട്ടവുമില്ല.

തീർത്തും നിരുത്തരവാദിത്തപരമായ നടപടിയാണ് ബുധനാഴ്ച അർദ്ധരാത്രി പോലും ഉണ്ടായത്. കൊവിഡ് രോഗത്തിന് ചികിത്സയിലിരുന്ന നഴ്സിനെയാണ് മുഴുവൻ ഫലം വരുന്നതിന് മുമ്പ് തിരികെ ഹോസ്റ്റലിലേക്ക് വിട്ടത്. ഇവർ തിരികെയെത്തിയ ശേഷം റൂമിൽ ഒപ്പം താമസിക്കുന്നവരുമായി അടക്കം സമ്പർക്കം പുല‍ർത്തിയതായും അവർക്കൊക്കെ എങ്ങനെ രോഗമില്ലെന്ന് ഉറപ്പിക്കാനാകുമെന്നും നഴ്സുമാർ ചോദിക്കുന്നു.

ഫലം വരാതെയും ഇവിടെ ക്വാറന്‍റീനിൽ താമസിക്കുന്നവരോട് അടക്കം വന്ന് ഡ്യൂട്ടി ചെയ്യാനാണ് ആശുപത്രി അധികൃതർ നിർബന്ധിക്കുന്നതെന്നും നഴ്സുമാർ പറയുന്നുണ്ട്. മുംബൈ ജസ്‍ലോക് ആശുപത്രിയിലെ നഴ്സുമാരുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന് ഇതിൽ സംസ്ഥാനസർക്കാർ ഇടപെട്ടിരുന്നു. മഹാരാഷ്ട്ര സർക്കാരുമായി ചർച്ച ചെയ്യാമെന്നും, നടപടി ഉറപ്പാക്കുമെന്നുമാണ് സർക്കാർ ഉറപ്പ് നൽകിയത്. സമാനമായ ഇടപെടൽ ബ്രീച്ച് കാൻഡിയിലെ നഴ്സുമാരുടെ കാര്യത്തിലും വേണമെന്നാണ് മലയാളി നഴ്സുമാർ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്. 

click me!