
ദില്ലി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപടികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഴുവന്‍ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രില്‍ 27 ന് തിങ്കളാഴ്ചയാണ് വീഡിയോ കോൺഫറന്‍സ് യോഗം ചേരുന്നത്. നേരത്തെ രണ്ട് തവണ വീഡിയോ കോൺഫറസിലൂടെ പ്രധാനമന്ത്രി കൊവിഡ് ലോക്ഡൗൺ നടപടികള്‍ വിലയിരുത്തിയിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരെ കാണുന്നത്. വിമാനസർവ്വീസ് തുടങ്ങുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനമന്ത്രി ആരാഞ്ഞേക്കും.
അതേ സമയം ഇന്ത്യയിൽ കൊവിഡ് കേസുകൾ ഇരുപതിനായിരത്തിന് മുകളിലെത്തി. 20471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 1486 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 49 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യയിലെ കൊവിഡ് കേസുകൾ ഉയർന്നേക്കുമെന്ന് നീതി ആയോഗ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ പത്തുദിവസത്തിലാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണം പതിനായിരത്തിൽ നിന്ന് ഇരുപതിനായിരം കടന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ശരാശരി 1500 വീതം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇപ്പോഴും ലോകത്തെ ആകെ കൊവിഡ് രോഗികളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യയിലുള്ളത്.
കൊവിഡ് പ്രതിരോധം മാസങ്ങൾ നീണ്ടുനില്ക്കാം എന്ന സൂചനയാണ് നീതി ആയോഗ് നല്കുന്നത്. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ ജൂൺ, ജൂലൈ മാസങ്ങൾ നിർണ്ണായകമാണ്. ഇന്ത്യയിലെ സംഖ്യ ഏറെ ഉയരാം എന്ന മുന്നറിയിപ്പ് പല വിദഗ്ധരും നല്കുന്നു. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര കഴിഞ്ഞാൽ കൊവിഡിന് കൂടുതൽ പേർ ചികിത്സയിലുള്ളത് ഗുജറാത്തിലാണ്. കർശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ചു നിറുത്തിയ രാജസ്ഥാനിലെ ഭിൽവാരയിൽ വീണ്ടും അഞ്ചു കേസുകൾ സ്ഥിരീകരിച്ചു. ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വ്യോമയാനമന്ത്രാലയത്തിനറെ ആസ്ഥാനമായ രാജീവ് ഗാന്ധി ഭവൻ അടച്ചിട്ട് ശുദ്ധീകരണത്തിന് നടപടി തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam