ലോക്ക്ഡൗണ്‍ ഈ രീതിയിൽ തുടരാനാകില്ല, സഹായം എത്തിച്ചില്ലെങ്കിൽ ദുരന്തം: രാഹുൽ

By Web TeamFirst Published May 8, 2020, 11:56 AM IST
Highlights

ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 65,000 കോടി രൂപ അടിയന്തരമായി പാവപ്പെട്ട തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ട് നൽകണമെന്നാണ് മുൻ കോൺ​ഗ്രസ് അധ്യക്ഷൻ്റെ ആവശ്യം

ദില്ലി: ലോക്ക് ഡൗൺ പിൻവലിക്കുന്നതിലെ മാനദണ്ഡം കേന്ദ്ര സ‍‌ർക്കാ‍‍ർ വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ജനങ്ങൾ വലിയ ദുരിതത്തിലാണെന്നും ഏറെക്കാലം ഇങ്ങനെ പോകാൻ പറ്റില്ലെന്നും രാഹുൽ ഗാന്ധി സൂം വീഡിയോ കോൺഫ്രൻസ് വഴി വിളിച്ച വാ‌‍ർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ‌‌ർക്കാ‍ർ ഈ വിഷയത്തിൽ മൗനം വെടിയണമെന്നും, സംസ്ഥാനങ്ങളുമായി ഈ വിഷയത്തിൽ തുറന്ന കൂടിയാലോചനകൾ വേണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 65,000 കോടി രൂപ അടിയന്തരമായി പാവപ്പെട്ട തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ട് നൽകണമെന്നാണ് മുൻ കോൺ​ഗ്രസ് അധ്യക്ഷൻ്റെ ആവശ്യം. തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ ഉത്തരവാദിത്തം കാട്ടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

പൊള്ളയായ വിമർശനം ഉന്നയിക്കുകയല്ല. കാര്യങ്ങൾ ചൂണ്ടി കാട്ടുകയാണ് ചെയ്യുന്നതെന്നും. റെഡ് ഓറഞ്ച് ഗ്രീൻ സോണുകൾ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണെന്നും അത് സാമ്പത്തിക രംഗവുമായി ബന്ധപ്പെടുത്തുമ്പോൾ തിരിച്ചടികൾ ഉണ്ടാകുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

സ്വിച്ച് ഓൺ ചെയ്യുന്നത് പോലെ ലോക്ക് ഡൗൺ പിൻവലിക്കാനാകില്ലെന്ന് പറഞ്ഞ രാഹുൽ ​ഗാന്ധി ഇക്കാര്യത്തിൽ ആളുകളുടെ ചിന്താ​ഗതിയിൽ അടക്കം മാറ്റം വരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. ലോക്ക് ഡൗൺ അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര സ‌‌‌‍ർക്കാരിന് വ്യക്തമായ പദ്ധതിയുണ്ടാകണമെന്നും സംസ്ഥാനങ്ങളും, കേന്ദ്രവും, പ്രാദേശിക അധികാര കേന്ദ്രങ്ങളും ചേ‍ർന്ന് പ്രവ‍ർത്തിച്ചാൽ മാത്രമേ ഇതിന് പരിഹാരമുണ്ടാക്കാൻ കഴിയുകയുള്ളൂവെന്നും രാഹുൽ വ്യക്തമാക്കി. ഇതിന് സംസ്ഥാനങ്ങളെ കേന്ദ്രം പങ്കാളിയായി കണക്കാക്കണമെന്നും എല്ലാ തീരുമാനങ്ങളും നേരിട്ട് കേന്ദ്ര തലത്തിൽ നിന്നായാൽ ഫലമുണ്ടാകില്ലെന്നും മുൻ കോൺ​ഗ്രസ് അധ്യക്ഷൻ കൂടിയായ വയനാട് എംപി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ മുന്‍ നിര്‍ത്തി ഇതര സംസ്ഥാന തൊഴിലാളി വിഷയത്തിലടക്കം സമ്മ‌‍‌ർദ്ദം ശക്തമാക്കുന്നതിന് പിന്നാലെയാണ് കേന്ദ്രത്തോട് മൃദു സമീപനമില്ലെന്ന് വ്യക്തമാക്കി രാഹുല്‍ഗാന്ധി രംഗത്തെത്തിയത്. വെറും രാഷ്ട്രീയ വിമര്‍ശനമല്ലെന്നും, രാജ്യത്തെ സ്ഥിതിയാണ് വ്യക്തമാക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ രാഹുല്‍ഗാന്ധി കേന്ദ്ര നടപടികളില്‍ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ടു.

രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ പാവങ്ങളുടെ കൈയില്‍ പണമില്ല. അവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തിയിട്ട് വേണം രാജ്യം അടച്ചിടാൻ. ഗ്രീൻ, റെഡ് ,ഓറഞ്ച് സോണുകളായി രാജ്യത്തെ തരംതിരിച്ച കേന്ദ്ര നടപടിയേയും. രാഹുല്‍ കുറ്റപ്പെടുത്തി.  സംസ്ഥാനങ്ങളിലെ സാഹചര്യം അതാത് സ‍‌‍‌ർ‍ക്കാരുകളെ അറിയാവുന്നത്. കേന്ദ്രത്തിന്‍റെ കൈകടത്തല്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക രംഗത്തടക്കം തിരിച്ചടികള്‍ ഉണ്ടാക്കുന്നു.

കൊവിഡ് പ്രതിരോധത്തിന് കോടിക്കണക്കിന് രൂപയെത്തുന്ന പ്രധാനമന്ത്രി കെയര്‍ ഫണ്ട് ഓഡിറ്റ് ചെയ്യണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ലോക്ക്
ഡൗണില്‍ മൗനത്തിലായ കോണ്‍ഗ്രസ് ഇതരസംസ്ഥാനതൊഴിലാളികളുടെ യാത്രാ കൂലി ഏറ്റെടുക്കല്‍ വിഷയം മുതലിങ്ങോട്ടാണ് കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ചത്. പ്രധാന തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ടുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.

click me!