കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് പ്രവേശനമില്ല; വിലക്കുമായി റെസിഡൻഷ്യൽ സൊസൈറ്റികള്‍

By Web TeamFirst Published May 8, 2020, 11:10 AM IST
Highlights

കൊറോണ വൈറസ് പടരുന്നതിനാല്‍ ദില്ലിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ അപ്പാര്‍ട്ടുമെന്‍‌റുകളിലേക്ക് മടങ്ങിവരരുതെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ദില്ലി: കൊവിഡ് വൈറസ് പടരുമെന്ന ഭയത്താല്‍ ദില്ലിയിലെ ആശുപത്രികളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും തിരികെ വീടുകളിലേക്ക് പ്രവേശിക്കുന്നത് വിലക്കി റെസിഡൻഷ്യൽ സൊസൈറ്റികള്‍. ആശുപത്രികളില്‍ കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രവേശിക്കുന്നതിന് വിലക്കിയാണ് ചില സൊസൈറ്റികളും അപ്പാര്‍ട്ടുമെന്റുകളും  സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

ഗാസിയാബാദിലെ നീൽപദം കുഞ്ച്  റെസിഡൻഷ്യൽ സൊസൈറ്റി പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ  എയിംസ് റെസിഡന്റ് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കൊവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാല്‍  ദില്ലിയില്‍ നിന്ന് ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലേയ്ക്കും ഹരിയാന  അതിര്‍ത്തിയായ ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലേക്കും ആളുകളെ കടത്തിവിടുന്നതിന് കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗാസിയാബാദിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിന്‍റെ പേരുപറഞ്ഞാണ് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വിലക്കി റെസിഡൻഷ്യൽ സൊസൈറ്റികള്‍ രംഗത്ത് വന്നത്.

കൊറോണ വൈറസ് പടരുന്നതിനാല്‍ ദില്ലിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ മടങ്ങിവരരുതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ദില്ലിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരോട് താൽക്കാലികമായി ദില്ലിയിൽ തന്നെ കഴിയാനാണ് അപ്പാർട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്. 

റസിഡന്റ് അസോസിയേഷൻറെ നടപടി നിരാശരാക്കിയെന്ന് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.  സര്‍ക്കുലര്‍ പിന്‍വലിക്കാനും രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന തങ്ങള്‍ക്ക് വീടുകളിലേക്ക് തിരിച്ച് പോകാനുമുള്ല അവസരം ഒരുക്കണമെന്നും കത്തില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. 

click me!