ദില്ലി: ലോക്ഡൗണിനു പിന്നാലെ സംസ്ഥാനങ്ങളെ കാത്തിരിക്കുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി. അടഞ്ഞ തനത് വരുമാന മാർഗങ്ങൾ തുറക്കുന്നതിനൊപ്പം അടിയന്തര കേന്ദ്ര സഹായം ആവശ്യപ്പെട്ട് കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തെത്തി. സംസ്ഥാനങ്ങളുടെ വരുമാന മാർഗത്തിന്റെ 45 ശതമാനത്തിലേറെ സംസ്ഥാന ചരക്ക് സേവന നികുതിയിലുടെ ലഭിക്കുന്നു എന്നാണ് കണക്കാക്കുന്നത്. മദ്യം, പെട്രോളിയം ഉത്പന്നങ്ങൾ, രജിസ്‌ട്രേഷൻ,സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിലൂടെയുള്ള വരവ് പതിനഞ്ചു ശതമാനത്തിലേറെയാണ്. കൊവിഡ് പ്രതിസന്ധിയിൽ രാജ്യം അടച്ചിട്ടതോടെ ഇവയെല്ലാം നിലച്ചു.ശമ്പളം, പെൻഷൻ, പലിശയടവ് എന്നിവയ്ക്ക് പുറമേ കൊവിഡ് പ്രതിരോധചിലവ് കൂടി വന്നതോടെ സംസ്ഥാനങ്ങളുടെ നട്ടെല്ല് ഒടിഞ്ഞു. കാര്യമായ കേന്ദ്ര സഹായം കിട്ടിയതും ഇല്ല.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിർദേശിച്ച 75,000 കോടി ഗ്രാന്റിൽ കേന്ദ്രം അനുവദിച്ചത് 6000 കോടി മാത്രമാണ്. ലോക് ഡൌണിൽ തൊഴിൽ ഉറപ്പ് പദ്ധതി ഉൾപ്പടെ ഉള്ള കേന്ദ്രവിസ്‌കൃത പദ്ധതികൾ നിലച്ചതോടെ ഛത്തീസ് ഗഡും ജാർഖണ്ഡ് ഉം ബിഹാറും ഉൾപ്പെട്ട രാജ്യത്തെ ദരിദ്ര സംസ്ഥാനങ്ങൾ കൂടുതൽ പരുങ്ങലിൽ ആയി. കേന്ദ്രം കൈയയച്ചു സഹായിക്കാതെ സംസ്ഥാനങ്ങൾക്ക് മുന്നോട്ട് പോക്ക് എളുപ്പമാകില്ല. അടഞ്ഞ ധനാഗമന മാർഗങ്ങൾ തുറക്കണം എന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു. മദ്യ വില്പനയ്ക്ക് അനുവാദം വേണം എന്നാണു പഞ്ചാബിന് പിന്നാലെ ഛത്തിസ്ഗഡും ആവശ്യപ്പെടുന്നത്. ലോക് ഡൗൺ കാലത്ത് 24000 കോടിയാണ് സംസ്ഥാനങ്ങളുടെ മദ്യ വരുമാനത്തിലെ ഇടിവ്. സംസ്ഥാന വിഹിതം അടിയന്തിരമായി അനുവദിക്കണം ,വായ്പ പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാനങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഒപ്പം കൊവിഡ് പ്രതിരോധത്തിന് രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം കോടിയുടെ പാക്കേജ് വേണം ആവശ്യവും കേന്ദ്രത്തിനു മുന്നിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam