കർണാടകത്തിന് തിരിച്ചടി: മംഗളുരു ഹൈവേ തുറക്കാനുള്ള കേരളാ ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല

By Web TeamFirst Published Apr 3, 2020, 3:24 PM IST
Highlights

കോടതി നിലവിൽ കർണാടകത്തിനോട് അതിർത്തി തുറക്കണമെന്നും നിർദേശം നൽകിയിട്ടില്ല. കേരള, കർണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെയും ഗതാഗതമന്ത്രാലയത്തിന്‍റെയും സെക്രട്ടറിമാരും ഇരുന്ന് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണം.

ദില്ലി: കാസർകോട്ടെ കേരളാ അതിർത്തി റോഡുകളെല്ലാം മണ്ണിട്ട് അടച്ച നടപടിയിൽ ക‌‍ർണാടകത്തിന് തിരിച്ചടി. കാസർകോട് - മംഗളുരു ദേശീയ പാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശം നൽകിയ കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പകരം കേരള, കർണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെയും ഗതാഗതമന്ത്രാലയത്തിന്‍റെയും സെക്രട്ടറിമാരും ഇരുന്ന് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. അതേസമയം, കോടതി നിലവിൽ കർണാടകത്തോട് അതിർത്തി തുറക്കണം എന്ന് നിർദേശം നൽകിയിട്ടുമില്ല. കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദേശം. 

കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന് തത്കാലം സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, അത്യാവശ്യ വാഹനങ്ങൾ കടത്തി വിടേണ്ടി വരുമെന്ന് പറയുന്നു. ഏതൊക്കെ വാഹനങ്ങൾ കടത്തി വിടണം എന്ന് തീരുമാനിക്കാൻ സമിതി ഉണ്ടാക്കണം. ഇരുസംസ്ഥാനങ്ങളിലെയും ചീഫ്  സെക്രട്ടറിമാർ, കേന്ദ്ര ഹെൽത്ത് സെക്രട്ടറി എന്നിവരുടെ സമിതി രൂപീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കേസ് ഇനി അടുത്ത ആഴ്ച ഏഴാം തീയതി വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

വീഡിയോ കോൺഫൻസിംഗ് വഴിയാണ് ഇന്ന് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ഹർജി പരിഗണിച്ചത്. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയ്ക്ക് എടുത്തില്ല. കേരള, കർണാടക സംസ്ഥാനങ്ങളുടെ മാത്രം വാദം കേൾക്കാനായിരുന്നു കോടതി തീരുമാനം. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് സുപ്രീംകോടതിയുടെ നിർദേശം. 

കാസർകോട് - മംഗളുരു ദേശീയപാത അടക്കം കർണാടകം അടച്ചിട്ടിരിക്കുകയാണ്. അടിയന്തരമായി വൈദ്യ ആവശ്യത്തിന് പോകുന്ന ആംബുലൻസുകൾ പോലും കർണാടക തുറന്നു കൊടുക്കുന്നില്ല. കാസർകോട് കൊവിഡ് ഹോട്ട് സ്പോട്ടാണ്. കേരളത്തിലെ രോഗികളെ അവിടെത്തന്നെ ചികിത്സിക്കണം. കാസർകോട്ടെ രോഗികളെ കർണാടകത്തിന് ചികിത്സിക്കാനാകില്ല എന്നായിരുന്നു കർണാടകത്തിന്‍റെ നിലപാട്. എന്തു തരം രോഗികളെയാണ് കൊണ്ടുവരുന്നത് എന്ന് അറിയില്ല എന്ന തരത്തിലുള്ള പ്രതികരണം പോലും ദക്ഷിണ കന്നഡ ഭാഗത്തെ എംപിമാർ നടത്തുകയും ചെയ്തു.

ഇതിനെതിരെയാണ് കേരളാ ഹൈക്കോടതി ഉത്തരവിട്ടത്. കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള ഹൈവേകൾ തടസ്സപ്പെടുത്തിയാൽ  നിയമ നടപടി വരെ എടുക്കാമെന്നും കോടതി സൂചിപ്പിച്ചു. കർണാടക സർക്കാരിന് എതിരെ ഒരു ഉത്തരവും പാസ്സാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, കേന്ദ്ര സർക്കാരിനാണ് നിർദ്ദേശം നൽകുന്നതെന്നും പറഞ്ഞു.

ഇന്ത്യൻ യൂണിയന്‍റെ ഭാഗം ആയിരിക്കുന്നിടത്തോളം കാലം കർണാടക സർക്കാർ ഓരോ പൗരന്‍റെയും മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും ഈ കാര്യം കർണാടക സർക്കാർ മനസ്സിലാക്കി ഇപ്പോൾ ഉള്ള പ്രതിസന്ധിക്ക് പരിഹാരം കാണും എന്നാണ് പ്രതീക്ഷ എന്നും കേരളാ ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. തടസ്സപ്പെട്ട റോഡുകൾ തുറക്കാൻ അടിയന്തര നടപടിയെടുക്കണം. കേന്ദ്ര സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വം. 

click me!