
ഹൈദരാബാദ്: രണ്ടാം ദിവസവും ആയിരത്തിനടുത്ത് ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ച തെലങ്കാനയില്‍ ആശങ്കയേറുന്നു. നിലവില്‍ ദിവസവും ഇരുപത്തിരണ്ടര ശതമാനമാളുകൾക്കാണ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നത്. ഇതുവരെ 12,349 പേർക്കാണ് രോഗം ബാധിച്ചത്. നേരത്തെ ശേഖരിച്ച സാമ്പിളുകളുടെ പരിശോധന പൂർത്തിയാക്കാനായി രണ്ടു ദിവസത്തേക്ക് കൊവിഡ് പരിശോധന നിർത്തി വച്ചിരിക്കുകയാണ്. രോഗവ്യാപനനിരക്ക് കൂടുമ്പോഴും സംസ്ഥാനത്ത് വേണ്ടത്ര പരിശോധനകൾ നടക്കുന്നില്ലെന്നും പരാതിയുണ്ട്.
ഏപ്രില്‍ ആദ്യവാരം കൊറോണഫ്രീയാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പറഞ്ഞ തെലങ്കാനയുടെ അവസ്ഥ നാൾക്കുനാൾ ഗുരുതരമാവുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 6322 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും തലസ്ഥാനമായ ഹൈദരാബാദില്‍നിന്നുള്ളവരാണ്. ഒരാഴ്ചയ്ക്കിടെ രോഗംബാധിച്ച് 42 പേർമരിച്ചു. മുന്‍കരുതലെന്നോണം ഹൈദരാബാദിലെ പല മാർക്കറ്റുകളും തല്‍കാലം തുറക്കുന്നില്ലെന്ന് വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ മരണം ഇതുവരെ 237. നിലവില്‍ 11 ശതമാനത്തിലധികമാണ് ഒരുദിവസത്തെ രോഗ വ്യാപന നിരക്ക്. മരണനിരക്ക് രണ്ടുശതമാനത്തിനോടടുക്കുന്നു. 38.59 ശതമാനമാണ് രോഗമുക്തി നിരക്ക്. പരിശോധനകളുടെ എണ്ണം സംസ്ഥാനത്ത് തീരെ കുറവാണെന്നും വിമർശനമുണ്ട്. ആദ്യഘട്ടത്തില്‍ ദിവസവും നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം സർക്കാർ പുറത്തുവിടാഞ്ഞതും വിവാദമായിരുന്നു. ഇപ്പോൾ ദിവസവും മൂവായിരത്തിലധികം പേരെയാണ് പരിശോധിക്കുന്നത്.
രോഗ വ്യാപനതോത് കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തെലങ്കാനയില്‍ പരിശോധനകളുടെ എണ്ണം കുറവാണ്. എണ്ണായിരത്തിലധികം സാമ്പിളുകൾ പരിശോധിക്കാതെ കെട്ടിക്കിടക്കുന്നതിനാല്‍ രണ്ടുദിവസത്തേക്ക് പരിശോധന നിർത്തിവച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ലാബുകളടക്കം സജ്ജമാക്കി പരിശോധന ഊർജിതമാക്കാനാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രത്യേക സംഘം ഇന്നുമുതല്‍ തെലങ്കാനയുൾപ്പെടെ രാജ്യത്ത് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നുണ്ട്. ഇവർ സംസ്ഥാനസർക്കാറുമായി ചർച്ച നടത്തി പുതിയ രോഗപ്രതിരോധ മാർഗങ്ങൾ തീരുമാനിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam