
ദില്ലി: ആശങ്ക കൂട്ടി രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. പ്രതിദിന രോഗികളുടെ എണ്ണം 21,880 ആയി. കഴിഞ്ഞ 153 ദിവസത്തെ ഉയർന്ന് പ്രതിദിന നിരക്കാണിത്. ഇന്നലെ 21,566 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 4.42 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഉയർന്ന് തുടരുകയാണ്. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, കർണാടക, തമിഴ‍്‍നാട് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. രോഗവ്യാപന നിരക്കിൽ മാറ്റം വന്നതോടെ ഉത്തരാഖണ്ഡ് കൊവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കി. മാസ്‍ക് ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരാഖണ്ഡ് സർക്കാർ നിർദേശിച്ചു. കൊവിഡിന് പുറമേ ഡെങ്കിപ്പനി കൂടി പകർന്ന് പിടിക്കുന്നതാണ് ഉത്തരാഖണ്ഡിനെ ആശങ്കയിലാക്കുന്നത്.
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ കൊവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കേരളം ഉൾപ്പെടെ കൊവിഡ് വ്യാപനം കൂടിയ 9 സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാൻ ഈ സംസ്ഥാനങ്ങളോട് മന്ത്രാലയം നിർദേശിച്ചു.
ബൈഡന് കൊവിഡ്
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് ബാധിച്ചതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. എഴുപത്തിയൊമ്പതുകാരനായ ബൈഡന് നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. രണ്ട് തവണ വാക്സീനും രണ്ട് തവണ ബൂസ്റ്റർ ഡോസും എടുത്തിരുന്നു ബൈഡൻ. ഐസൊലേഷനിൽ പ്രവേശിച്ച ബൈഡൻ, വൈറ്റ്ഹൗസിൽ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജോലികളെല്ലാം അദ്ദേഹം നിർവഹിക്കുന്നുണ്ടെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ബൈഡനുമായി സമ്പർക്കത്തിൽ വന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ് ടെസ്റ്റ് ചെയ്തെങ്കിലും പരിശോധനാഫലം നെഗറ്റീവ് ആണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam