
മുംബൈ: മഹാരാഷ്ട്രയിൽ (Maharashtra) കൊവിഡ് മൂന്നാം തരംഗം (Covid Third Wave) ശക്തമായെങ്കിലും സമ്പൂർണ ലോക്ഡൗൺ (Complete Lock Down) ഇപ്പോൾ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ. രോഗം സ്ഥിരീകരിക്കുന്നവരിൽ 90 ശതമാനവും ലക്ഷണങ്ങളില്ലാത്തവരാണ്. ശേഷിക്കുന്ന 10ൽ രണ്ട് ശതമാനത്തെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരക്ക് കുറയ്ക്കാനുള്ള നിയന്ത്രണങ്ങൾ കൂടുതൽ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിടും. പരീക്ഷകളടക്കം ഓൺലൈനാക്കും.
സംസ്ഥാനത്ത് ഇന്നലെ 26,538 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 15,000ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ രോഗികളുടെ എണ്ണം 20,000 കടന്നാൽ ലോക്ഡൗൺ വേണ്ടി വരുമെന്ന് മേയർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലാണെന്ന് ഇന്നലെ കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി സ്ഥിരീകരിച്ചിരുന്നു.
ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കൊവിഡ് കേസുകളിൽ വൻവർദ്ധനയാണുണ്ടായത്. ഇത് മൂന്നാം തരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് ഡോ. എൻ കെ അറോറ പറയുന്നു. പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ''സമാനമായ കേസ് വർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണ്'', ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു. പരിഭ്രാന്തിയിലായിട്ട് കാര്യമില്ലെന്നും, രാജ്യത്തെ 80 ശതമാനം പേർക്കും വൈറസ് വന്ന് പോയെന്നും, 90 ശതമാനം മുതിർന്നവരും ഒരു ഡോസ് കൊവിഡ് വാക്സീനെങ്കിലും സ്വീകരിച്ചെന്നും, 65 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും എടുത്തെന്നുമുള്ളത് ആശ്വാസമാണെന്നും എൻ കെ അറോറ പറഞ്ഞു.