
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 9987 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ ആകെ രോഗികളുടെ എണ്ണം 2,66,598 ആയി ഉയര്‍ന്നു. 266 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിതരായി മരിച്ചത്. ഇതോടെ മരണസംഖ്യ 7466 ആയി. അഞ്ച് ദിവസത്തിനിടെയാണ് അരലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചത്.
1,29,917 പേരാണ് നിലവില്‍ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,29,214 ആയി ഉയര്‍ന്നു. അതേസമയം രോഗമുക്തി നിരക്ക് ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
കൊവിഡിനെ നേരിടാൻ ജില്ലാ അടിസ്ഥാനത്തിലുള്ള പദ്ധതി തയ്യാറാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നല്‍കി. വരും മാസങ്ങളിലേക്കുള്ള പദ്ധതി തയ്യാറാക്കാനാണ് നിര്‍ദ്ദേശം. കൂടുതൽ ഇളവുകൾ നൽകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നിർദ്ദേശം. കൊവിഡ് വ്യാപന തോത് അറിയാൻ വീടുകളിൽ സർവ്വേ നടത്തണമെന്ന നിർദ്ദേശവും ആരോഗ്യ മന്ത്രാലയം നൽകി.
രോഗവ്യാപനം ഏറ്റവും രൂക്ഷമായ 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ സർവ്വേ നടത്താനാണ് നിർദ്ദേശം
കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതിനിടെ കണ്ടെയ്ൻമെൻറ് സോണുകളിലെ 15 മുതൽ 30 ശതമാനം വരെ പേരിൽ കൊവിഡ് ബാധയുണ്ടെന്ന് ഐസിഎംആർ വ്യക്തമാക്കി. ഐസിഎംആർ നടത്തിയ സെറോളജിക്കൽ സർവ്വേയിലാണ് കണ്ടെത്തൽ. നേരിയ ലക്ഷണങ്ങുമായി രോഗം പലർക്കും ഇതിനോടകം വന്ന് പോയിട്ടുണ്ടാകാമെന്നും സർവ്വേ വിലയിരുത്തി. 70 ജില്ലകളിലെ 24000 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam