കുതിച്ചുയര്‍ന്ന് കൊവിഡ് രോഗനിരക്ക്; ഒറ്റദിവസം രാജ്യത്ത് അമ്പതിനായിരത്തോളം രോഗികള്‍, 24 മണിക്കൂറിനിടെ 708 മരണം

By Web TeamFirst Published Jul 27, 2020, 9:40 AM IST
Highlights

 24 മണിക്കൂറിൽ 708 പേര്‍ മരിച്ചതോടെ കൊവിഡ് മരണം 32771 ആയി ഉയര്‍ന്നു. നിലവിൽ 485114 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലള്ളത്. 

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നു. 49,931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 14  ലക്ഷം കടന്നു. 14,35,453 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്.  24 മണിക്കൂറിൽ 708 പേര്‍ മരിച്ചതോടെ കൊവിഡ് മരണം 32771 ആയി ഉയര്‍ന്നു. നിലവിൽ 485114 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലള്ളത്. അതേസമയം, രോഗമുക്തി 63.92 ശതമാനം ആയി ഉയര്‍ന്നു.

അതേസമയം ഇന്ത്യയിൽ, പതിനായിരത്തിലധികം പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി ഉയർന്നു. ആകെ കേസുകളുടെ 33 ശതമാനം റിപ്പോര്‍ട്ട് ചെയ്തതും തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇവിടെ രോഗബാധ കുതിച്ചുയരുകയാണ്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ ഏഴായിരത്തിന് മുകളിലെത്തി. കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും അയ്യായിരത്തിന് മുകളിലും, തെലങ്കാനയില്‍ ആയിരത്തിന് മുകളിലുമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. 

ഉത്തര്‍പ്രദേശില്‍ മൂവായിരം കടന്നു. ബിഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാണ് ഓരോദിവസവുമുള്ള രോഗികളുടെ എണ്ണം. പരിശോധനകള്‍ കൂട്ടുന്നതിന്‍റെ ഭാഗമായി രാജ്യത്ത് മൂന്ന് ഐസിഎംആര്‍ ലാബുകള്‍ കൂടി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നോയിഡ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പരിശോധന ലാബുകള്‍ നിലവില്‍ വരുന്നത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കും.

click me!