കൊവിഡ് ഭീതി; നൊയിഡയില്‍ ലുഡോ കളിക്കുന്നതിനിടെ ചുമച്ചയാളെ വെടിവച്ചു

By Web TeamFirst Published Apr 16, 2020, 9:38 AM IST
Highlights
കൊവിഡ് 19 പരത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതി ഇയാളെ വെടിവച്ചത്. പ്രശാന്ത്് ഇപ്പോള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്...
ദില്ലി: ലുഡോ ഗെയിം കളിക്കുന്നതിനിടെ ചുമച്ചയാളെ ഗ്രേറ്റര്‍ നോയിഡയില്‍ വെടിവച്ചു. 25 കാരനായ പ്രശാന്ത് സിംഗിനാണ് അപ്രതീക്ഷിതമായി വെടിയേറ്റത്. ഇയാളുടെതന്നെ ഗ്രാമത്തിലുള്ളയാണ് വെടിവച്ചത്. കൊവിഡ് 19 പരത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതി ഇയാളെ വെടിവച്ചത്. പ്രശാന്ത്് ഇപ്പോള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ദയാനഗര്‍ ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്. വെടിയേറ്റയാളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. 30കാരനായ ഗില്ലു എന്ന ജയ് വീര്‍ സിംഗാണ് വെടിവച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദയാനഗര്‍ ഗ്രാമവാസികളായ ഇരുവരും കര്‍ഷകരാണ്. 

''ചൊവ്വാഴ്ച രാത്രിയില്‍ പ്രശാന്തും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ലുഡോ കളിക്കുകയായിരുന്നു. ഇതിനിടയിലേക്ക് ഗില്ലു എത്തി. പ്രശാന്ത് ചുമച്ചതോടെ ഗില്ലു ക്ഷോഭിച്ചു. പ്രശാന്ത് മനപ്പൂര്‍വ്വം വൈറസ് പരത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച ഗില്ലു, ഇയാളെ വെടിവയ്ക്കുകയായിരുന്നു'' പൊലീസ് പറഞ്ഞു. 

ചുമ, പനി, ശ്വാസതടസ്സം എന്നിവ കൊവിഡ് 19 ന്റെ ചില ലക്ഷണങ്ങളാണ്. മാര്‍ച്ച് 25 മുതല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്നീട് മെയ് മൂന്ന് വരെ നീട്ടുകയായിരുന്നു. 


 
click me!