പിടിമുറുക്കി അതീതീവ്രവ്യാപനം; 4 ലക്ഷം കടന്ന് പ്രതിദിന രോ​ഗികൾ; ലോക്ക്ഡൗൺ അനിവാര്യമോ?

By Web TeamFirst Published May 1, 2021, 7:58 AM IST
Highlights

ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായത്. ഏപ്രിൽ മാസത്തിൽ മാത്രം 65 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 

ദില്ലി: കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോ​ഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,933  പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ്  കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദേശരാജ്യങ്ങളിലുള്ള ആരോ​ഗ്യവിദ​ഗ്ധർ പോലും അഭിപ്രായപ്പെടുന്ന സ്ഥിതിയുമുണ്ട്. 

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3523 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 32,68,710 ആണ്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായത്. ഏപ്രിൽ മാസത്തിൽ മാത്രം 65 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.

അതേസമയം, രാജ്യത്ത് 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കായുള്ള വാക്സീൻ വിതരണം ഇന്ന് തുടങ്ങും. എന്നാൽ ആവശ്യത്തിന് വാക്സീൻ ഇല്ലാത്തതിനാൽ നിരവധി സംസ്ഥാനങ്ങൾ വാക്സീൻ വിതരണം ഇന്ന് തുടങ്ങാൻ കഴിയില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. 

ദില്ലി , ബീഹാർ, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങളാണ് വാക്സിൻ വിതരണം തുടങ്ങാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്. മഹാരാഷ്ട്രയിൽ പരിമിതമായ വാക്സീൻ ആണ് ഉള്ളതെങ്കിലും വാക്സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ചില ജില്ലകളിലും ഇന്ന് വാക്സീൻ വിതരണം തുടങ്ങും. ഫോർട്ടിസ്, അപ്പോളോ, മാക്സ് എന്നീ സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിൻ വിതരണം തുടങ്ങും. റഷ്യയിൽ നിന്ന് സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിൽ എത്തുന്നതും ഇന്നാണ്. കേരളത്തിൽ 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല. സർക്കാർ, സ്വകാര്യ മേഖലകളിൽ വാക്സീൻ എത്താത്തതും മാർഗ നിർദേശങ്ങൾ വരാത്തതും ആണ് കാരണം. അതേ സമയം 45, 60 വയസിന് മേൽ പ്രായം ഉള്ളവരുടെയും രണ്ടാം ഡോസ് എടുക്കേണ്ടവരുടെയും വാക്സിനേഷൻ തിരുവനന്തപുരം ജില്ലയിൽ ഒഴികെ മറ്റിടങ്ങളിൽ തുടരും. 

18നും 45 നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇന്ന്‌ മുതൽ വാക്സിനേഷന് സജ്ജമെന്ന് മൂന്ന് സ്വകാര്യ ആശുപത്രികൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അപ്പോളോ, ഫോർട്ടിസ്, മാക്സ് ആശുപത്രി ശൃംഖലകളാണ്‌ വാക്സിനേഷന് സജ്ജമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!