
ബെംഗളൂരു : ഒമിക്രോണ്‍ വകഭേദം (Omicron) കണക്കിലെടുത്ത് കര്‍ണാടകത്തില്‍ (Karnataka) നിയന്ത്രണം കര്‍ശനമാക്കി. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കെല്ലാം 10 ദിവസം നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തി. പത്ത് ദിവസത്തെ ഇടവേളയില്‍ കുറഞ്ഞത് മൂന്ന് കൊവിഡ് പരിശോധനയെങ്കിലും നടത്തിയ ശേഷമേ പുറത്തുവിടു. മുന്‍കരുതല്‍ നടപടിയായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഈ മാസം ഒന്നുമുതല്‍ എത്തിയ മുഴുവന്‍ പേരെയും കണ്ടെത്തി വീണ്ടും പരിശോധന തുടങ്ങി. നവംബര്‍ ഒന്ന് മുതല്‍ 95 ആഫ്രിക്കന്‍ സ്വദേശികളാണ് ബെംഗളൂരുവിലെത്തിയത്. ഇവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയെങ്കിലും ഒമിക്രോണ്‍ അല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഐടി പാര്‍ക്കുകളിലടക്കം ജോലിക്കെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ക്ക് എല്ലാം വിലക്ക് ഏര്‍പ്പെടുത്തി.
കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കർണാടകയില്‍ പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും റെയില്‍വേ ബസ് ടെര്‍മിനലുകളിലും പരിശോധന ഊര്‍ജ്ജിതമാക്കി. 24 മണിക്കൂര്‍ പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച ക്വാറന്‍റീന്‍ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കു. അതേസമയം ബെംഗളൂരു ഹൊസൂർ വെറ്റിനറി കോളേജിലെ ഏഴ് മലയാളി വിദ്യാർത്ഥികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചന്ദാപുര നഴ്സിങ്ങ് കോളേജിലെ 12 മലയാളി വിദ്യാര്‍ത്ഥികള്‍ പോസിറ്റീവായിരുന്നു.
അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്നവർക്ക് ക്വാറന്‍റീനും ഏർപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam