
ദില്ലി: ഇന്ത്യയിലെ അതിതീവ്ര കൊവിഡ‍് വ്യാപനവും ഓക്സിജന്‍ കിട്ടാതെ ആളുകള്‍ പിടഞ്ഞ് മരിക്കുന്നതും വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. കേന്ദ്രസര്‍ക്കാരിന്‍റെ അലംഭാവമാണ് വ്യാപനം രൂക്ഷമാക്കിയെന്ന് കുറ്റപ്പെടുത്തുന്ന വിദേശമാധ്യങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമിത ആത്മവിശ്വാസത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
കൊവിഡിന്‍റെ രണ്ടാംതരഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യയാണ് കഴിഞ്ഞ കുറച്ച് ദിവസമായി വിദേശ മാധ്യമങ്ങളിലെ തലക്കെട്ട്. ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇതെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ അവധാനതയാണ് കൊവിഡ് വ്യാപനവും ഓക്സിജിൻ ക്ഷാമവും തീവ്രമാക്കിയതെന്നും വിദേശ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമിത ആത്മവിശ്വാസത്തെ കുറ്റപ്പെടുത്തി എഡിറ്റോറിയല്‍ എഴുതിയ ഗാര്‍ഡിയന്‍ കൊവിഡ് വ്യാപനത്തിനിടെ പ്രധാനമന്ത്രി മോദി ബംഗാളിലും മറ്റും തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയതിനെയും നിശിതമായി വിമര്‍ശിക്കുന്നു.
കേന്ദ്രത്തിന്‍റെ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടിയേല്‍പ്പിക്കുകയാണെന്ന ആക്ഷേപവും ഗാര്‍ഡിയന്‍ ഉയർത്തുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൂട്ട ചിതയുടെ ചിത്രം ആദ്യ പേജില്‍ പ്രസിദ്ധീകരിച്ചാണ് ഇന്നലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയത്. വാഷിങ്ടണ്‍ പോസ്റ്റും ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് എഡിറ്റോറിയില്‍ പ്രസിദ്ധീകരിച്ചു. സ്കൈ ന്യൂസ്, ബിബിസി, അല്‍ജസീറ തുടങ്ങിയ വിദേശചാനലുകളിലും ഇന്ത്യയിലെ കൊവിഡ് മരണങ്ങളും ഓക്സിജൻ തേടിയുള്ള രോഗികളുടെ അലച്ചിലും തന്നെയാണ് വാര്‍ത്തയായത്. സർക്കാര്‍ സംവിധാനത്തിന്‍റെ തകര്‍ച്ചയാണിതെന്ന കുറ്റപ്പെടുത്തലിനൊപ്പം ഒന്നാം തരംഗത്തേക്കാൾ മാരകമായ വൈറസിനെയാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്നതെന്ന് എബിസി ഓസ്ട്രേലിയ പറയുന്നു. ടൈം മാഗസിനും കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപനത്തില്‍ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam