അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം രൂക്ഷം; വാക്സീനുകൾ സുരക്ഷിതമാണെന്ന് കേന്ദ്ര സമിതിയുടെ റിപ്പോർട്ട്

By Web TeamFirst Published Mar 23, 2021, 1:57 PM IST
Highlights

കൊവിഷീല്‍ഡ് കുത്തിവയ്ക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന പ്രചരണം ശക്തമായതിനെ തുടര്‍ന്നാണ് പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചത്. 

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ നേരിയ കുറവ്. അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതിനിടെ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സീനുകൾ സുരക്ഷിതമാണെന്ന് കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തു വന്നു. നാല്‍പത്തിയാറായിരം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതെങ്കില്‍ ഇന്ന് പുറത്ത് വന്ന കണക്കനുസരിച്ച് 40715 പേരാണ് കൊവിഡ് ബാധിതര്‍. 

മുംബൈയിലും, പുണെയിലുമുൾപ്പടെ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടും മഹാരാഷ്ട്രയിലെ കൊവിഡ് ആശങ്കയ്ക്ക് ശമനമില്ല. പഞ്ചാബ്, കേരളം, കർണാടക, തമിഴ്നാട്, ഛത്തിസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആയിരത്തിലധികം കേസുകൾ ഉണ്ട്. ദില്ലിയിലും പ്രതിദിനം 800 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. 

കൊവിഡ് കണക്ക് ഉയരുന്നതിനിടെ ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തില്‍  ആയിരകണക്കിനാളുകൾ മാസ്ക്  പോലുമില്ലാതെ തടിച്ചു കൂടിയ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്ത്യയിൽ കൊവിഡിൻ്റെ വ്യാപന തോത് കൂടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു ഒരാളിൽ നിന്ന് ഒന്നിലധികം പേരിലേക്ക് രോഗം പകരും വിധം വൈറസിൻ്റെ വ്യാപന ശേഷി കൂടിയതായി ലോകാരോഗ്യ സംഘടനയുടേതടക്കം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഇതിനിടെ വാക്സിൻ കുത്തിവെക്കുന്നവരിൽ ചോര കട്ടപിടിക്കുന്നതുൾപ്പടെയുള്ള പാർശ്വഫലങ്ങളില്ലെന്ന് കേന്ദ്രം നിയോഗിച്ച സംഘം കണ്ടെത്തി. കൊവിഷീല്‍ഡ് കുത്തിവയ്ക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന പ്രചരണം ശക്തമായതിനെ തുടര്‍ന്നാണ് പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചത്. 

click me!