ദില്ലി: രാജ്യത്ത് പുതുതായി 60,471 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ലക്ഷങ്ങൾ കടന്ന കൊവിഡ് കണക്കിൽ നിന്ന് അറുപതിനായിരത്തിലേക്ക് കൊവിഡ് ബാധിതരുടെ എണ്ണം ചുരുങ്ങുമ്പോൾ കണക്കിൽ തൽക്കാലം ആശ്വാസമാണ്. മാർച്ച് 31 മുതൽ ഇങ്ങോട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകളിൽ ഏറ്റവും കുറഞ്ഞ പ്രതിദിനരോഗബാധാ നിരക്കാണ് ഇത്. 2726 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചതായി സ്ഥിരീകരിച്ചത്. രണ്ടാംതരംഗം പതുക്കെ കളമൊഴിയുമ്പോൾ രാജ്യത്തെ ഏറ്റവും കൂടുതൽ ആഘാതമേൽപ്പിച്ചത് കൂടിയ മരണനിരക്ക് തന്നെയാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് ഏപ്രിൽ 1-ന് ശേഷം 19% കൂടിയെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
രാജ്യത്ത് കൊവിഡ് രണ്ടാംതരംഗമേൽപിച്ചത് വൻ ആഘാതമെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഈ മാസം രാജ്യത്തെ കൊവിഡ് മരണനിരക്കിൽ വൻവർദ്ധനയാണുണ്ടായത്. മരണസംഖ്യ 19 ശതമാനം കൂടി. സംസ്ഥാനങ്ങളിൽ പലതും പഴയ കണക്കുകൾ പുറത്തുവിടുന്നതും ഇതിന് കാരണമാകുന്നുണ്ടെന്നും കണക്കുകൾ തെളിയിക്കുന്നു. ഇന്ത്യയിൽ കാണുന്ന ഡെൽറ്റ പ്ലസ് വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്നതും ആശങ്ക വാനോളമുയർത്തുകയാണ്. ഡെൽറ്റ പ്ലസ് എന്നതാണ് പുതിയ വൈറസ് വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിൻ ഇന്ന് മുതൽ ദില്ലിയിൽ വിതരണം ചെയ്തു തുടങ്ങും. ദില്ലി ഇന്ദ്രപ്രസ്ഥ ആശുപത്രിയിലാണ് സ്പുട്നിക് വാക്സിൻ എത്തിയിട്ടുള്ളത്. നേരത്തേ ഹൈദരാബാദിലും വിശാഖപട്ടണത്തും സ്പുട്നിക് വാക്സിൻ എത്തിയിരുന്നു.
Read more at: പേടിക്കണം ഡെൽറ്റ പ്ലസ് വകഭേദത്തെ, രാജ്യത്ത് കൊവിഡ് മരണസംഖ്യയിൽ ഈ മാസം വൻ വർദ്ധന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam