രാജ്യത്തെ കൊവിഡ് ബാധിതരു‌‌ടെ എണ്ണം 18000 കടന്നു, ഗുജറാത്തിൽ അതിവേഗം രോഗം പടരുന്നു

By Web TeamFirst Published Apr 21, 2020, 9:00 AM IST
Highlights

ഇതുവരെ 590 പേർ കൊവിഡ് രോഗം ബാധിച്ചു മരിച്ചു. 3252 പേർ രോഗം ഭേദമായി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി. 

ദില്ലി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18000 കടന്നു. ചൊവ്വാഴ്ച രാവിലെ സർക്കാർ പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് 18601 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 590 പേർ കൊവിഡ് രോഗം ബാധിച്ചു മരിച്ചു. 3252 പേർ രോഗം ഭേദമായി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി. 

രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 4666  പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ദില്ലിയിൽ 2081 പേർക്കും, ഗുജറാത്തിൽ 1851 പേർക്കും, മധ്യപ്രദേശിൽ 1485 പേർക്കും, രാജസ്ഥാനിൽ 1576 പേർക്കും തമിഴ്നാട്ടിൽ 1477 പേർക്കും ഉത്തർ പ്രദേശിൽ 1184 പേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 552 പേർക്കും ഗുജറാത്തിൽ 247 പേർക്കുമാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മൂന്ന് ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാവുന്ന അവസ്ഥയാണ് ഗുജറാത്തിൽ. 

അതേസമയം രാജ്യത്ത് മുപ്പത് ദിവസത്തിന് മുകളില്‍ മാത്രം  കൊവിഡ് കേസുകള്‍ ഇരട്ടിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്ന് കേരളമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു .പതിനെട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത്കുറഞ്ഞതായും ആരോഗ്യമന്ത്രാലയം  പറയുന്നു. 

പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ്കേസുകളില് രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന്  ഐസിഎംആർ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നു. ആദ്യ നാളുകളില്‍  മൂന്ന് ദിവസത്തിനുള്ളില്‍  കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി  ഏഴര ദിവസമായിരിക്കുന്നു.  കേരളത്തില്‍ ഇത് 72 ദിവസമാണ്,ഒഡീഷയില്‍ 38 ഉം. 

അതായത് രണ്ട് സംസ്ഥാനങ്ങളിലും രോഗബാധ നന്നേ കുറവ്.  ദില്ലിയില്‍ 7.5 ദിവസങ്ങള്‍ക്കിടയിലും,തമിഴ്നാട്ടില്‍ പതിന്നാല് ദിവസത്തിനുമിടയിലേ രോഗബാധിതരുടെം എണ്ണം ഇരട്ടിയാകുവന്നൂള്ളൂവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു. 

മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല.  കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി.കൊവിഡിന് ലഭ്യമായ ഏക മരുന്ന് സാമൂഹിക അകലം പാലിക്കല്‍ മാത്രമാണെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

click me!