
ദില്ലി: ദില്ലിയിൽ (Delhi) കൊവിഡ് (Covid) നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം (Work From Home) ഏർപ്പെടുത്തി. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ നേരിയ കുറവുണ്ടായി. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം വ്യാഴാഴ്ച്ച നടക്കും.
24 മണിക്കൂറിൽ 168063 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാൾ 7.5 ശതമാനം കുറവാണിത്. 277 പേർ മരിച്ചു. പോസിറ്റിവിറ്റി നിരക്കും പത്ത് ശതമാനമായി കുറഞ്ഞു. . മഹാരാഷ്ട്ര, ദില്ലി, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പതിനായിരത്തിന് മുകളിലാണ് പ്രതിദിന കേസുകൾ.
ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പടരുന്ന സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ഐഎംഎ ഭാരവാഹികളുമായും, മുതിർന്ന ഡോക്ടർമാരുമായും ചർച്ച നടത്തി. ദില്ലിയിലെ ജയിലുകളിലും കൊവിഡ് പടരുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. 66 തടവുകാർക്കും 48 ജയിൽ ജീവനക്കാർക്കും കൊവിഡ് ബാധിച്ചതായാണ് വിവരം.
തലസ്ഥാനത്ത് ലോക്ഡൗൺ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നെങ്കിലും തൊട്ടു പിന്നാലെ ദില്ലി ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടാൻ ഉത്തരവിട്ടു. പാഴ്സൽ മാത്രമാകും അനുവദിക്കുക. സ്വകാര്യ സ്ഥാപനങ്ങളിൽ പൂർണമായും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിർദ്ദേശം നല്കി. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനും നിർദേശം നല്‍കാനുമായി പ്രധാനമന്ത്രി വിളിച്ചു ചേർക്കുന്ന യോഗം വ്യാഴാഴ്ച്ച ചേരുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam