
ദില്ലി: പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാകുന്നതിനിടെ രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. 3,32,730 പുതിയ രോഗികളെന്നാണ് കണക്ക്. 24 മണിക്കൂറിനുള്ളിൽ 2263 പേരാണ് കൊവിഡ് ബാധ മൂലം മരിച്ചത്.
ഇതുവരെ 1,62,63, 695 കൊവിഡ് കേസുകളാണ് ആകെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനകം 1,86,920 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
ഏപ്രിൽ 4ന് പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷമായിരുന്നു. അതാണ് ഇപ്പോൾ 3.3 ലക്ഷമായി ഉയർന്നിരിക്കുന്നത്. ആദ്യ കൊവിഡ് തരംഗത്തിലാകട്ടെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്ക് 98,000 ആയിരുന്നു.
ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു.
ദില്ലിയിൽ ലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകരിലേക്ക് മാത്രം ആയി കൊവിഡ് ടെസ്റ്റ് ചുരുക്കാൻ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം
എയിംസ് ഡയറക്ടരുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് 19 റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.
ഓക്സിജൻ നിറച്ച ടാങ്കറുകളുമായുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ നിന്നും മുംബൈക്ക് പുറപ്പെട്ടിട്ടുണ്ട്. 100 ടൺ ഓക്സിജനാണ് 7 ടാങ്കറുകളിലായി തിരിച്ചത്. ഓക്സിജൻ വിതരണത്തിന് വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ചു തുടങ്ങി.
അതിനിടെ, കൊവിഡ് രണ്ടാം തരംഗം സാമ്പത്തിക പരിഷ്കരണ നടപടികളെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു. പ്രാദേശിക നിയന്ത്രണങ്ങൾ ചെറിയ പ്രതിഫലനം ഉണ്ടാക്കിയേക്കാം. പക്ഷേ ഇപ്പോൾ രോഗനിയന്ത്രണത്തിനാണ് മുൻഗണനയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam