ഹോട്ട് സ്പോട്ടുകളിൽ ദ്രുത പരിശോധന: 5 ലക്ഷം കിറ്റുകൾ സംസ്ഥാനങ്ങൾക്ക് നൽകി

By Web TeamFirst Published Apr 18, 2020, 5:57 AM IST
Highlights

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ തോത് 40 ശതമാനം കുറഞ്ഞെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ദേശീയ ശരാശരിയെക്കാൾ കുറവാണ് കേരളത്തിലെ രോഗ വ്യാപനം. ലോക്ക് ഡൗൺ കാരണമാണ് തോത് കുറഞ്ഞത്. 

ദില്ലി: തീവ്ര കൊവിഡ് ബാധിത മേഖലകളിൽ കൂടുതൽ ദ്രുത പരിശോധന. കിറ്റുകളുടെ ക്ഷാമം പരിഹരിച്ച സാഹചര്യത്തിലാണ് പരിശോധനയുടെ എണ്ണം കൂട്ടാനുള്ള നിർദ്ദേശം. 5 ലക്ഷം കിറ്റുകളാണ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്ത് തുടങ്ങിയത്. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ തോത് 40 ശതമാനം കുറഞ്ഞെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ദേശീയ ശരാശരിയെക്കാൾ കുറവാണ് കേരളത്തിലെ രോഗ വ്യാപനം. ലോക്ക് ഡൗൺ കാരണമാണ് തോത് കുറഞ്ഞത്. 

രോഗം ഭേദമാകുന്നവരുടെ തോത് 13 ശതമായി ഉയര്‍ന്നതും പ്രതീക്ഷ നൽകുന്നതാണ്. കേരളം ഉൾപ്പടെ 19 സംസ്ഥാനങ്ങളിൽ രോഗ വ്യാപനം ദേശീയ ശരാശരിയെക്കാൾ കുറവാണ്. അതേസമയം, രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ തീവ്ര ബാധിത മേഖലകളുടെ എണ്ണം 68 ആക്കി. ഇതിനിടെ റോഹിങ്ക്യൻ അഭയാർത്ഥികളെ നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. വിവിധ സംസ്ഥാനങ്ങളിലുള്ള നാലായിരത്തോളം പേർ തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്തിരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,835 ആയി. 452പേരാണ് മരിച്ചത്. 24 മണിക്കൂറിനുള്ളിൽ 1076 പേര്‍ പുതുതായി രോഗബാധിതരാവുകയും 32 പേര്‍ മരിക്കുകയും ചെയ്തു. രോഗം ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3205 ആയി. 194 പേര്‍ മരിച്ചു. ദില്ലിയിൽ 1640 ആണ് രോഗം ബാധിച്ചവരുടെ എണ്ണം. മധ്യപ്രദേശിൽ 1308, തമിഴ്നാട്ടിൽ 1267, രാജസ്ഥാനിൽ 1131, എന്നിങ്ങനെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്ക്. 1749 പേര്‍ രാജ്യത്താകെ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്ക് വ്യക്തമാക്കുന്നു.

click me!