
ദില്ലി: രാജ്യത്ത് വാക്സിനേഷൻ ഇന്നും തുടരും. 1.91 ലക്ഷം ആരോഗ്യപ്രവർത്തകർക്ക് ഇന്നലെ കുത്തിവെപ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദില്ലി അടക്കമുള്ള ഇടങ്ങളിൽ കൊവിഡ് കുത്തിവെപ്പിന് ശേഷം ചിലർക്ക് ആരോഗ്യപ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് വാക്സിൻ നൽകില്ലെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. കുത്തിവെയ്പ്പ് സ്വീകരിച്ചവരെ നിരീക്ഷിക്കുന്നതിനായി ഒരു ദിവസത്തെ ഇടവേള സംസ്ഥാനത്ത് നിർദ്ദേശിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കുത്തിവെപ്പ് പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സൈന്യത്തിലെ 3129 പേർക്കാണ് ഇന്നലെ കുത്തിവെപ്പ് നൽകിയത്.
അതേ സമയം, 10 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്ത് ലഭിക്കേണ്ടിടത്ത് 6.89 ലക്ഷം മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് ബംഗാൾ സർക്കാർ കുറ്റപ്പെടുത്തി.
ഇപ്പോൾ അനുമതി നൽകിയിരിക്കുന്ന രണ്ടെണ്ണത്തിന് പുറമേ നാല് വാക്സീനുകളുടെ പരീക്ഷണം കൂടി ഇന്ത്യയിൽ തുടരുകയാണ്. 130 കോടി പേരുടെ വാക്സിനേഷൻ ഏറെക്കാലം വേണ്ടി വരുന്ന നടപടിയെന്ന് കേന്ദ്രസർക്കാരിന് ബോധ്യമുണ്ട്. രണ്ട് വർഷം വരെ നീണ്ടേക്കാവുന്ന ഈ പ്രക്രിയയുടെ സമയം എത്രയും കുറയ്ക്കുക എന്നത് വിമർശനവും തിരിച്ചടിയും ഒഴിവാക്കാൻ സർക്കാരിന് നിർണ്ണായകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam