കൊവിഡ് വാക്സീൻ, ബം​ഗാൾ;തെറ്റ് പറ്റിയെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ; ഒരാഴ്ച്ചക്കിടെ നാല് തീരുമാനങ്ങൾ തിരുത്തി

Web Desk   | Asianet News
Published : Apr 20, 2021, 01:59 PM ISTUpdated : Apr 20, 2021, 02:20 PM IST
കൊവിഡ് വാക്സീൻ, ബം​ഗാൾ;തെറ്റ് പറ്റിയെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ; ഒരാഴ്ച്ചക്കിടെ  നാല് തീരുമാനങ്ങൾ തിരുത്തി

Synopsis

വാക്സീൻ നയത്തിൽ പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങേണ്ടി വന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാൾ തെരഞ്ഞെടുപ്പിൻറെ കാര്യത്തിലും ഒടുവിൽ നയം മാറ്റി.

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ ഒരാഴ്ചയ്ക്കിടെ നാലു തീരുമാനങ്ങൾ തിരുത്തി കേന്ദ്രസർക്കാർ. വാക്സീൻ നയത്തിൽ പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങേണ്ടി വന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാൾ തെരഞ്ഞെടുപ്പിൻറെ കാര്യത്തിലും ഒടുവിൽ നയം മാറ്റി.

"ഭാരതത്തിലെ കൊവിഡ് വാക്സീന് ലോകത്തെ ഏതു വാക്സീനെക്കാളും വിലക്കുറവുണ്ട്. ഉപയോഗവും ലളിതമാണ്." ഇങ്ങനെയാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്.  രണ്ടു വാക്സീനുകൾ ഉത്പാദിപ്പിക്കുന്ന ഏക രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി തുടർച്ചയായി അവകാശവാദം ഉന്നയിച്ചപ്പോൾ സർക്കാർ വിദേശ വാക്സീനുകളെ പടിക്ക് പുറത്ത് നിറുത്തി. കൊവിഡ് പ്രതിദിന കേസുകൾ രണ്ടു ലക്ഷത്തിനടുത്ത് എത്തിയതോടെ പെട്ടെന്ന് നയം മാറ്റി. അപേക്ഷിച്ചാൽ വിദേശ മരുന്നുകൾക്ക് മൂന്നു ദിവസത്തിനകം ഇറക്കുമതി ലൈസൻസ് നല്കാൻ തീരുമാനമായി. വാക്സീൻ നേരിട്ട് വാങ്ങാൻ അനുവദിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം നിരന്തരം തള്ളിയിരുന്നു. കുത്തക അവസാനിപ്പിക്കാനുള്ള ഇന്നലെത്തെ പ്രഖ്യാപനം ഇക്കാര്യത്തിലും പിഴവ് പറ്റിയെന്ന തുറന്ന സമ്മതമാകുന്നു. 

മരുന്ന് കമ്പനികൾ അഡ്വാൻസ് തുകയ്ക്ക് ഉന്നയിച്ച ആവശ്യം സാങ്കേതിക കാര്യങ്ങൾ പറഞ്ഞാണ് നേരത്തെ തടഞ്ഞത്. 4500 കോടി നല്കാൻ ഇന്നലെ ധനമന്ത്രി തീരുമാനമെടുത്ത് ആ തെറ്റു തിരുത്തി. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ ഒഴിവാക്കാനും വെട്ടിക്കുറയ്ക്കാനും പ്രതിപക്ഷം തീരുമാനിച്ചപ്പോഴും ബിജെപി എതിർത്തു. എന്നാൽ ഒടുവിൽ ജനക്കൂട്ടം അപകടകരമാകും എന്ന് സമ്മതിച്ചാണ് ബിജെപി പ്രധാനമന്ത്രിയുടെ ഉൾപ്പടെ പ്രചാരണത്തിന് നിയന്ത്രണം പ്രഖ്യാപിച്ചത്. ഒരു അടിയന്തരഘട്ടത്തിൽ എന്തു വേണം എന്ന ബ്ളൂപ്രിൻറ് കേന്ദ്രസർക്കാരിൻറെ പക്കൽ ഇല്ലായിരുന്നു എന്നു തന്നെയാണ് ഈ ആശയക്കുഴപ്പവും ചുവടുമാറ്റങ്ങളും വ്യക്തമാക്കുന്നത്.

കൊവിഡ് വ്യാപനവും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്കും എതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ബംഗാളില്‍ ബിജെപിയുടെ റാലിയിലും മാറ്റം വരുത്തി. ടിഎംസിക്കും കോണ്‍ഗ്രസിനും പിന്നാലെയാണ് വലിയ തെര‍ഞ്ഞെടുപ്പ് പ്രചാരണങ്ങളും റാലികളും വേണ്ടെന്ന് ബിജെപി തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന റാലികളില്‍ അഞ്ഞൂറ് പേരെ മാത്രമേ അനുവദിക്കുകയുള്ളു. തെരഞ്ഞെടുപ്പ് പരിപാടികള്‍ എല്ലാം തുറന്ന സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് മാത്രം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാല് റാലികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടുത്ത ഘട്ടത്തിന് മുന്‍പായി പങ്കെടുക്കാനുള്ളത്. പ്രചാരണപരിപാടികളില്‍ മാസ്കും സാനിറ്റൈസറും വിതരണം ചെയ്യുമെന്ന് ബിജെപി നേരത്തെ തീരുമാനമെടുത്തിരുന്നു. 

വന്‍  റാലികളെ നിയന്ത്രിക്കണമെന്നുള്ള  ബിജെപി തീരുമാനം മമത ബാനര്‍ജിക്ക് രാഷ്ട്രീയപരമായ ആശ്വാസം പകരുന്നതാണ്.  എന്നാല്‍ പ്രചാരണത്തിലെ മാറ്റം പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന നിര്‍ദേശം ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. വീടു കയറി ചെറുസംഘങ്ങളായി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് അടക്കമുള്ളതിൽ ബിജെപി ശ്രദ്ധകേന്ദ്രീകരിക്കും. ഇനിയുള്ള മൂന്ന് ഘട്ടങ്ങള്‍ ഒന്നിച്ച് നടത്തണമെന്ന ആവശ്യം ടിഎംസി നിവേദനമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. ഒരു ദിവസമോ രണ്ട് ദിവസമോ ആയി മൂന്ന് ഘട്ടവും തീര്‍ക്കണണെമെന്നാണ് തൃണമൂല്‍ ആവശ്യം. കൊവിഡ് സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും  വീടുകളില്‍ ഇരുന്നാകും തെരഞ്ഞെടുപ്പ് മേല്‍നോട്ടം നടത്തുക. രോഗം സ്ഥിരീകരിച്ചത്  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്