ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിനെ കുറിച്ചറിയില്ലെന്നാണ് യെച്ചൂരിയുടെ നിലപാട്.
ദില്ലി : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം തത്സമയം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്ത സംഭവത്തിൽ ഇടത് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിനെകുറിച്ചറിയില്ലെന്നാണ് ദില്ലിയിൽ മാധ്യമങ്ങളെ കണ്ട യെച്ചൂരിയുടെ നിലപാട്. മോദി ഭരണകാലത്ത് മാധ്യമങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന വിമർശനം ഉയർത്തുന്ന സിപിഎം കേന്ദ്ര നേതൃത്വം, കേരളത്തിൽ സ്വന്തം സർക്കാരിന്റെ നടപടിയെ കുറിച്ച് മിണ്ടുന്നേയില്ല.
കർത്തവ്യം നിർവഹിക്കാൻ അനുവദിക്കാത്തവിധം മോദി ഭരണകാലത്ത് മാധ്യമങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്നാണ് 2017 ൽ ചേർന്ന സിപിഎം പോളിറ്റ്ബ്യൂറോ വിലയിരുത്തി പ്രസ്താവനയിറക്കിയത്. 2021 ല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമങ്ങളെ വേട്ടയാടുന്നതിനെയും സിപിഎം വിമര്‍ശിച്ചിരുന്നു. എന്നാൽ സിപിഎം ഭരിക്കുന്ന കേരളത്തിൽ, ഒരു വനിതാ മാധ്യമപ്രവർത്തകയെ പ്രതിയാക്കിയ സംഭവത്തെ കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്.
എന്നാൽ കെഎസ് യു ആരോപണം ലൈവ് ആയി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക അഖിലക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തി കേസെടുത്ത സർക്കാർ നടപടിയെ വിമർശിച്ച് ദേശീയ മാധ്യമങ്ങൾ പ്രധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. സംഘപരിവാറും ഇടതുപക്ഷവും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതിൽ ഒരുപോലെയാണെന്ന തലക്കെട്ടോടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ടെലഗ്രാഫ് പത്രം വാര്‍ത്ത നൽകിയത്. ഒന്നാം പേജില്‍ വലിയ പ്രധാന്യത്തോടെയാണ് ടെലഗ്രാം വാര്‍ത്ത നല്‍കിയിരിക്കുന്നത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളും, ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്കെതിരായ നടപടിക്കെതിരെ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
കുറ്റാരോപിതരെ രക്ഷിക്കാന്‍ സകല നാണംകെട്ട കളികളും സിപിഎം കളിക്കുന്നു: കെ സുധാകരന്‍
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം

