Jahangirpuri : സിപിഐ നേതാക്കൾ ജഹാംഗീർപുരിയിൽ, തടഞ്ഞ് ദില്ലി പൊലീസ് 

By Web TeamFirst Published Apr 22, 2022, 3:14 PM IST
Highlights

കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ സ്ഥലങ്ങൾ കണ്ടേ മടങ്ങൂ എന്നും സ്ഥലത്തേക്ക് കടത്തിവിടണമെന്നും സിപിഐ നേതാവ് ഡി രാജ ആവശ്യപ്പെട്ടെങ്കിലും ബാരിക്കേഡുകൾ നീക്കണമെന്ന് ആവശ്യത്തിന് പൊലീസ് വഴങ്ങിയില്ല.

ദില്ലി: ജഹാംഗീർപുരിയിലെത്തിയ (Jahangirpuri)സിപിഐ നേതാക്കളെ തടഞ്ഞ് ദില്ലി പൊലീസ്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി അടക്കമുള്ള നേതാക്കളാണ് സ്ഥലത്തെത്തിയത്. കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ സ്ഥലങ്ങൾ കണ്ടേ മടങ്ങൂ എന്നും സ്ഥലത്തേക്ക് കടത്തിവിടണമെന്നും സിപിഐ നേതാവ് ഡി രാജ ആവശ്യപ്പെട്ടെങ്കിലും ബാരിക്കേഡുകൾ നീക്കണമെന്ന് ആവശ്യത്തിന് പൊലീസ് വഴങ്ങിയില്ല. തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാഗ്വാദവുമുണ്ടായി.

പൊലീസ് കെട്ടിയ കയർ കാണാനല്ല എത്തിയതെന്നും ദുരിതമനുഭവിക്കുന്നവരെ കാണാതെ മടങ്ങില്ലെന്നും ബിനോയ് വിശ്വം എംപിയും പ്രതികരിച്ചു. കേന്ദ്രം വലിയ അതിക്രമമാണ് പ്രദേശത്ത് നടത്തിയത്. ആളുകളെ കാണാതെ മടങ്ങില്ല. കേന്ദ്രത്തിന്റെ അതിക്രമങ്ങൾ പുറത്ത് വരാതിരിക്കാനാണ് നേതാക്കളെ തടയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ഥലത്ത് ഇന്നലെ കോണ്‍ഗ്രസ് സംഘം സന്ദർശനത്തിന് ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞിരുന്നു. സ്ഥലത്ത് ദില്ലി പൊലീസിന്‍റെയും അര്‍ധ സൈനിക വിഭാഗത്തിന്‍റെയും വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Jahangirpuri Demolition: പെട്ടിക്കട പൊളിക്കാന്‍ എന്തിനാണ് ബുള്‍ഡോസര്‍? സുപ്രീംകോടതി

ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി; ന്യായീകരിച്ച് ബിജെപി ദില്ലി അധ്യക്ഷൻ,പ്രദേശത്ത് ജാഗ്രത തുടരുന്നു

ദില്ലി: ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടികളുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി ദില്ലി ബിജെപി അധ്യക്ഷൻ ആദ്ദേശ് ഗുപ്ത രംഗത്തെത്തി. കൈയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കുമ്പോൾ പ്രതിപക്ഷം വിറളിപിടിക്കുന്നത് എന്തിനെന്ന് ആദ്ദേശ് ഗുപ്ത ചോദിച്ചു. 

ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിയെ ന്യായീകരിച്ച ബിജെപി ദില്ലി അധ്യക്ഷൻ അനധികൃത കൈയ്യേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് താൻ കോർപ്പറേഷൻ കത്ത് നൽകിയിരുന്നുവെന്ന് വ്യക്തമാക്കി. കലാപകാരികളെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്നും കോടതിയുടെ അന്തിമവിധി അനൂകൂലമാകുമെന്നും ആദ്ദേശ് ഗുപ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഘർഷത്തിന് പിന്നാലെ താൻ ജഹാംഗീർപൂരി സന്ദർശിച്ചിരുന്നു. വലിയ കൈയ്യേറ്റമാണ് അവിടെ കണ്ടത്. കൈയ്യേറ്റം നടത്തിയവരാണ് അവിടെ സംഘർഷമുണ്ടാക്കിയതെന്ന് ആദ്ദേശ് ഗുപ്ത ആരോപിച്ചു. കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നത് ആംഅദ്മി പാർട്ടിയാണ്. കൈയ്യേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോർപ്പറേഷൻ കത്ത് നൽകി, പിന്നാലെ അവർ നടപടി സ്വീകരിച്ചുവെന്നും ആദ്ദേശ് ഗുപ്ത പറഞ്ഞു.

ദില്ലിക്ക് അകത്ത് ബംഗ്ലാദേശികളും റോഹിക്യകളുമുണ്ട്, അവർ ഇന്ത്യക്ക് പുറത്താക്കുന്നതിനെ കോൺഗ്രസും എഎപിയും എതിർക്കുന്നത് എന്തിനാണെന്ന് ആദ്ദേശ് ഗുപ്ത ചോദിച്ചു. കോൺഗ്രസും എഎപിയും ഇവരെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്. വൃന്ദ കാരാട്ടും, എഎപിയും കപിൽ സിബലും കലാപകാരികളെ സംരക്ഷിക്കുന്നതിൽ ഒന്നാണ്. കൈയ്യേറ്റം ഒഴിപ്പിക്കുന്നത് സ്ഥിരമായി നടക്കുന്നതാണ്, കോർപ്പറേഷൻ ഇത് ചെയ്യുന്നതാണ്. നിയമപരമായി നടപടി സ്വീകരിച്ചാണ് കൈയ്യേറ്റം ഒഴിപ്പിക്കുന്നത്. നിലവിൽ ജഹാംഗീർപുരി ഒഴികെ കോടതി  എങ്ങും തടഞ്ഞിട്ടില്ല. അന്തിമവിധി കോർപ്പറേഷൻ അനൂകൂലമാകുമെന്ന് വിശ്വാസമുണ്ടെന്നും ആദ്ദേശ് ഗുപ്ത പറഞ്ഞു. ഈ വർഷം തന്നെ ജഹാംഗീർപുരിയിൽ ഇത് ഏഴാം തവണയാണ് കൈയ്യേറ്റം ഒഴിപ്പിക്കൽ നടക്കുന്നത്. സ്ഥിരമായി കോർപ്പറേഷൻ ചെയ്യുന്നതാണ്. ഇപ്പോൾ ഇതിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നത് കലാപകാരികളെ സംരക്ഷിക്കാനാണെന്നും ആദ്ദേശ് ഗുപ്ത വിമര്‍ശിച്ചു. 

click me!