ത്രിപുരയില്‍ ബിജെപി-സിപിഎം ഏറ്റുമുട്ടല്‍; സിപിഎം എംഎല്‍എക്ക് പരിക്കേറ്റു

By Web TeamFirst Published Jun 28, 2021, 4:47 PM IST
Highlights

അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയാണ് സിപിഎം രാജ്‌നഗറില്‍ സമരം സംഘടിപ്പിച്ചത്. ഇതിന് എതിര്‍വശത്തായി ബിജെപിയും പരിപാടി സംഘടിപ്പിച്ചു.
 

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ സിപിഎം എംഎല്‍എ സുധന്‍ ദാസ് അടക്കം പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. വാര്‍ത്താഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയാണ് സിപിഎം രാജ്‌നഗറില്‍ സമരം സംഘടിപ്പിച്ചത്. ഇതിന് എതിര്‍വശത്തായി ബിജെപിയും പരിപാടി സംഘടിപ്പിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും പരസ്പരം മുദ്രാവാക്യം വിളിയും കല്ലേറും നടത്തുകയായിരുന്നെന്ന് എസ്ഡിപിഒ സൗമ്യ ദെബ്ബര്‍മ പറഞ്ഞു.

ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരെ സംഭവസ്ഥലത്തുനിന്ന് നീക്കിയതെന്നും പൊലീസ് അറിയിച്ചു. എംഎല്‍എയെയും പരിക്കേറ്റ് മറ്റ് പ്രവര്‍ത്തകരെയും അഗര്‍ത്തല ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അനുമതി തേടാതെയാണ് ഇരുപാര്‍ട്ടികളും പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!