
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിൻ്റെ ഭാഗമായി മത്സരിച്ച സിപിഎമ്മിന് സിറ്റിങ് സീറ്റുകളിൽ ഒന്നിൽ ജയം. സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച അശോക് കുമാറാണ് ജയിച്ചത്. ജെഡിയു സ്ഥാനാർത്ഥി രവീണ കുശ്വാഹയെ 10281 വോട്ടുകൾക്കാണ് അജയ് കുമാർ പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് അജയ് കുമാർ.
ഇത്തവണ സംസ്ഥാനത്ത് മൂന്ന് സീറ്റിലാണ് സിപിഎം മത്സരിച്ചത്. മാഞ്ചിയിൽ സിപിഎമ്മിൻ്റെ സിറ്റിങ് എംഎൽഎ ഡോ.സത്യേന്ദ്ര യാദവ് 9787 വോട്ടിന് പരാജയപ്പെട്ടു. ഇവിടെ ജെഡിയുവിലെ രൺധീർ കുമാർ സിങ് വിജയിച്ചു. പിപ്ര 17 മണ്ഡലത്തിൽ സിപിഎമ്മിൻ്റെ രാജ്‌മംഗൽ പ്രസാദ് 10745 വോട്ടുകൾക്ക് ബിജെപിയിലെ ശ്യാം ബാബു പ്രസാദ് യാദവിനോട് പരാജയപ്പെട്ടു. മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി സുബോധ് കുമാർ 9487 വോട്ട് നേടി മൂന്നാമതെത്തി.
കഴിഞ്ഞ തവണ സംസ്ഥാനത്ത് 29 സീറ്റുകളിൽ മത്സരിച്ച ഇടതുപാർട്ടികൾക്ക് 16 സീറ്റുകളിൽ വിജയിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ വലിയ ഭരണാനുകൂല വികാരം പ്രകടമായപ്പോൾ ഇടതുപാർട്ടികളുടെ പ്രകടനവും നിരാശാജനകമായി. സിപിഐ (എംഎൽ) ലെനിനിസ്റ്റ് സ്ഥാനാർത്ഥികൾക്ക് പാലിഗഞ്ചിലും കാരകാടും മാത്രമാണ് ജയിക്കാൻ സാധിച്ചത്. ആകെ 33 സീറ്റുകളിൽ മത്സരിച്ച ഇടതുപാർട്ടികളുടെ സീറ്റ് വിഹിതം മൂന്നിലേക്ക് ഒതുങ്ങി. സിപിഐക്ക് ഇക്കുറി ഒരു സീറ്റിലും ജയിക്കാൻ സാധിച്ചില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam