പൊലീസ് അനുമതിയില്ല: ദില്ലി സുർജിത് ഭവനിലെ വി20 പരിപാടി സിപിഎം റദ്ദാക്കി

Published : Aug 20, 2023, 09:23 AM ISTUpdated : Aug 20, 2023, 09:26 AM IST
പൊലീസ് അനുമതിയില്ല: ദില്ലി സുർജിത് ഭവനിലെ വി20 പരിപാടി സിപിഎം റദ്ദാക്കി

Synopsis

സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് ബദലായാണ് സിപിഎം സഹകരണത്തോടെ വിവിധ സർക്കാരിതര സംഘടനകൾ വി20 ജനകീയ ഉച്ചകോടി എന്ന പരിപാടി സംഘടിപ്പിച്ചത്

ദില്ലി: പൊലീസ് അനുമതി നൽകാത്ത സാഹചര്യത്തിൽ ദില്ലിയിലെ പാർട്ടിയുടെ പഠന കേന്ദ്രമായ സുർജിത് ഭവനിൽ നടത്തിയ വി20 പരിപാടി സിപിഎം റദ്ദാക്കി. ഇന്നലെ പൊലീസ് വിലക്ക് മറികടന്ന് പരിപാടി നടത്തിയിരുന്നു. എന്നാൽ ഇന്ന് പരിപാടി നടത്താൻ മുൻകൂർ പോലീസ് അനുമതി വേണമെന്ന കോടതി ഉത്തരവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അധികൃതർ എതിർപ്പുന്നയിച്ചു. ഇതോടെയാണ് പരിപാടി റദ്ദാക്കിയത്. പരിപാടികൾക്ക് ദില്ലി പൊലീസിന്റെ മുൻകൂർ അനുമതി തേടണമെന്ന് ദില്ലി ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ ഉത്തരവിട്ടിരുന്നു.

സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് ബദലായാണ് സിപിഎം സഹകരണത്തോടെ വിവിധ സർക്കാരിതര സംഘടനകൾ വി20 ജനകീയ ഉച്ചകോടി എന്ന പരിപാടി സംഘടിപ്പിച്ചത്. ദില്ലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന, പാർട്ടി പഠന കേന്ദ്രമായ സുർജിത് ഭവനില്‍ ആഗസ്റ്റ് 18 നാണ് പരിപാടി തുടങ്ങിയത്. ബൃന്ദ കാരാട്ട്, മനോജ് ഝാ എംപി, ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദ് അടക്കമുള്ളവ‍ർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിരുന്നു.

എന്നാല്‍ പരിപാടിയുടെ രണ്ടാം ദിനമായ ഇന്നലെ പരിപാടിക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തടയുകയായിരുന്നു. സുർജിത് ഭവന്‍റെ പ്രധാന കവാടം പൂട്ടിയ പൊലീസ്, ആരെയും അകത്തേക്കും പുറത്തേക്കും വിടില്ലെന്നും നിലപാട് എടുത്തു. പാര്‍ട്ടി ഓഫീസിനകത്ത് നടക്കുന്ന പരിപാടികളില്‍ അനുമതി തേടാറില്ലെന്നിരിക്കെ പൊലീസ് നടപടി പ്രതിഷേധത്തിന് വഴിവെച്ചു. പരിപാടിയില്‍ സംസാരിക്കാനെത്തിയവരും പങ്കെടുക്കാനെത്തിയവരും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി.

പരിസ്ഥിതി വിഷയങ്ങളിൽ യോഗത്തിൽ സംസാരിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, ദില്ലി പൊലീസ് നടപടിയില്‍ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി. ഗേറ്റ് പൂട്ടിയെങ്കിലും സുർജിത്ത് ഭവനിലെ പരിപാടി സംഘാടകർ നിര്‍ത്തിവച്ചില്ല. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിമർശന സ്വഭാവത്തിലുള്ള വിഷയങ്ങളിലെ സെമിനാറുകളായിരുന്നു പരിപാടിയിലെ പ്രധാന അജണ്ട.  ജി20 ഉം ഇന്ത്യയും അധ്യക്ഷതയും ആരുടെ താത്പര്യം? പാരിസ്ഥിതക അവകാശവാദങ്ങള്‍ ശരിയോ? കാർഷികരംഗവും ഭക്ഷ്യസുരക്ഷയും ജി20 ഉം തുടങ്ങിയ വിഷയങ്ങളിലായിരുന്നു സെമിനാറുകൾ. ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇന്നലെ വൈകിട്ട് തന്നെ പൊലീസ് നിയന്ത്രണം കുറച്ചിരുന്നു.
 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന