വിവാദപരാമര്‍ശം: വിജയരാഘവനെതിരെ കോണ്‍ഗ്രസ്, പ്രതിരോധിച്ച് സിപിഎം

Published : Apr 02, 2019, 03:16 PM ISTUpdated : Apr 02, 2019, 03:18 PM IST
വിവാദപരാമര്‍ശം: വിജയരാഘവനെതിരെ കോണ്‍ഗ്രസ്, പ്രതിരോധിച്ച് സിപിഎം

Synopsis

 വിവാദം കണക്കിലെടുക്കേണ്ടെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. അതേസമയം തുടര്‍ച്ചയായി ആലത്തൂര്‍ കേന്ദ്രികരിച്ചുണ്ടാകുന്ന വിവാദങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍തഥിയുടെ വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്.


പാലക്കാട്: ആലത്തൂര്‍ സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ  ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനേയും എ.വിജയരാഘവനേയും കടന്നാക്രമിച്ചപ്പോള്‍ വ്യക്തിപരമായ അധിക്ഷേപിച്ചതില്‍ വേദനയുണ്ടെന്നായിരുന്നു രമ്യയുടെ പ്രതികരണം. തന്‍റെ അച്ഛനും അമ്മയുമെല്ലാം ഇതൊക്കെ കാണുന്നുണ്ടെന്നും രമ്യ പറഞ്ഞു. 

അതേസമയം തന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് വിജയരാഘവന്‍ പറഞ്ഞു. മുസ്ലീംലീഗിന്‍റെ കാലുപിടിച്ച് കോണ്‍ഗ്രസ് ജയിക്കാന്‍ ശ്രമിക്കുകയാണെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന ആളല്ല താനെന്നും തന്‍റെ ഭാര്യയും ഒരു രാഷ്ട്രീയ പ്രവര്‍ത്തകയാണെന്നും എ.വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് തന്‍റെ നിലപാട് വിജയരാഘവന്‍ വിശദീകരിച്ചത്. ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തേണ്ട കാര്യമില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കുന്നത്. 

വിവാദത്തില്‍ ആലത്തൂരിലെ സിപിഎം സ്ഥാനാര്‍ഥി പികെ ബിജുവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.വിജയരാഘവനെ പിന്തുണച്ച് രംഗത്തു വന്നു. തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് വിജയരാഘവന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ വിശദീകരണം വേണ്ടെന്നുമാണ് കോടിയേരിയുടെ നിലപാട്. പ്രചാരണവിഷയങ്ങളെ വൈകാരികമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നായിരുന്നു ബിജുവിന്‍റെ പ്രതികരണം. 

നവോത്ഥാന മതില്‍ കെട്ടിയ സിപിഎം സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്ന ചോദ്യം ഉയര്‍ത്തിയാണ് യുഡിഎഫ് പുതിയ വിവാദത്തെ നേരിടുന്നത്. നേരത്തെ മുതല്‍ രമ്യയ്ക്ക് നേരെ ഇടതുക്യാംപ് നടത്തി വന്ന ആരോപണങ്ങളേയും വിമര്‍ശനങ്ങളേയും അവര്‍ ഇതിനൊപ്പം ചേര്‍ത്തു വയ്ക്കുന്നു.  പ്രചാരണത്തിനിടെ വീണുകിട്ടിയ പുതിയ വിവാദം ഗുണം ചെയ്യുമാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍. 

വിജയരാഘവന്‍ നേരത്തേ കോഴിക്കോട്ട് നടത്തിയ സമാനമായ പരാമര്‍ശം പുറത്തു വന്നതും യുഡിഎഫ് ആയുധമാക്കുന്നുണ്ട്. എന്നാല്‍ വിവാദം കണക്കിലെടുക്കേണ്ടെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. അതേസമയം തുടര്‍ച്ചയായി ആലത്തൂര്‍ കേന്ദ്രികരിച്ചുണ്ടാകുന്ന വിവാദങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍തഥിയുടെ വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ