
ബംഗളൂരു: കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാന്‍ സിപിഎം. സെപ്റ്റംബര്‍ 18നാണ് റാലിയും പൊതുയോഗവും. കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. പിണറായി വിജയന്‍റെ ചിത്രം അടങ്ങിയ പോസ്റ്റര്‍ കര്‍ണാടക സിപിഎം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പിണറായിക്കൊപ്പം കേരളത്തില്‍ നിന്നുള്ള എം എ ബേബിയും പൊതുയോഗത്തില്‍ സംസാരിക്കും.
കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംബന്ധിച്ചുള്ള സിപിഎമ്മിന്‍റെ പ്രതികരണം നേരത്തെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനെന്ന പേരിൽ നടത്തുന്ന യാത്രയിൽ 18 ദിവസം രാഹുൽ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്നായിരുന്നു സിപിഎമ്മിന്‍റെ വിമര്‍ശനം. ബിജെപി ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ യാത്ര നടത്തുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.
സിപിഎം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചു. ഈ സാഹചര്യത്തില്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ സിപിഎം സംഘടിപ്പിക്കുന്ന റാലിയിലും പൊതു യോഗത്തിലും പിണറായി വിജയന്‍ പങ്കെടുക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.
ഈ റാലി നടക്കുന്നത് ബിജെപി ഭരിക്കുന്ന കർണാടകയിൽ ആണ് എന്ന് കുറിച്ചാണ് മന്ത്രി വി ശിവന്‍കുട്ടി പിണറായി വിജയന്‍റെ ചിത്രമടങ്ങുന്ന പരിപാടിയുടെ പോസ്റ്റര്‍ പങ്കുവെച്ചത്. സേഫ് സോണിലല്ല പ്രകടനം എന്നാണ് തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ് പോസ്റ്റ് ഇട്ടത്. എന്നാല്‍, ഭാരത് ജോഡോ യാത്രയെ സിപിഎം എതിർക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. കേരള സർക്കാരിനെയോ സിപിഎമ്മിനെയോ ശരിയല്ലാത്ത രീതിയിൽ വിമർശിച്ചാൽ പ്രതികരണങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ കണ്ടെയ്നർ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനും ഗോവിന്ദൻ മറുപടി നൽകി.
ജോഡോ യാത്രയിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കിയെന്നും പാർട്ടി നിലപാട് വ്യക്തമാക്കിയാൽ ആ നിലപാടിൽ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെതിരെ പോരാടാൻ ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് കേരള മുഖ്യമന്ത്രിയെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജയ്റാം രമേശ് വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നു. ജയ്റാം രമേശിന്റെ ഉപദേശമാണ് രാഹുൽ സ്വീകരിക്കുന്നതെങ്കിൽ യാത്ര വഴിതെറ്റുമെന്നും ബ്രിട്ടാസ് പറഞ്ഞു.
'ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശയാത്രകൾ അനിവാര്യം', സംസ്ഥാനങ്ങളിലെ നീതി ആയോഗിനെ എതിർത്ത് ധനമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam