സ്വപ്നങ്ങൾ വിൽക്കുന്നവർ ജയിക്കുമോ? ​ഗുജറാത്തിൽ തമ്മിലടിച്ച് അമിത് ഷായും കെജ്രിവാളും; അവകാശവാദം, പരിഹാസം

By Web TeamFirst Published Sep 13, 2022, 8:56 PM IST
Highlights

സ്വപ്നങ്ങളെ കച്ചവടം നടത്തുന്നവർക്ക് ​ഗുജറാത്തിൽ വിജയിക്കാനാവില്ല എന്ന് പറഞ്ഞ് അമിത് ഷായാണ് വാക്പോരിന് തുടക്കമിട്ടത്. അദ്ദേഹം പറഞ്ഞത് തീർച്ചയായും ശരിയാണ്, കള്ളപ്പണം പിടിച്ചുകൊടുത്താൽ 15 ലക്ഷം നൽകുമെന്ന് പറഞ്ഞവരെ ഒരിക്കലും വിശ്വസിക്കരുത് കെജ്രിവാൾ തിരിച്ചടിച്ചു. 

​ഗാന്ധിന​ഗർ‌:  സ്വപ്നങ്ങളെച്ചൊല്ലി ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലടിക്കുന്ന കാഴ്ച‌യാണ് ​ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇന്ന് കണ്ടത്. കേന്ദ്രമന്ത്രി അമിത് ഷായും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമാണ് 'സ്വപ്നങ്ങൾ വിൽക്കുന്നവർ' പരാമർശത്തിൽ കുടുങ്ങി തമ്മിലടിച്ചത്. 

സ്വപ്നങ്ങളെ കച്ചവടം നടത്തുന്നവർക്ക് ​ഗുജറാത്തിൽ വിജയിക്കാനാവില്ല എന്ന് പറഞ്ഞ് അമിത് ഷായാണ് വാക്പോരിന് തുടക്കമിട്ടത്. ''അദ്ദേഹം പറഞ്ഞത് തീർച്ചയായും ശരിയാണ്, കള്ളപ്പണം പിടിച്ചുകൊടുത്താൽ 15 ലക്ഷം നൽകുമെന്ന് പറഞ്ഞവരെ ഒരിക്കലും വിശ്വസിക്കരുത്'' കെജ്രിവാൾ തിരിച്ചടിച്ചു. സ്വന്തം മണ്ഡലമായ ​ഗാന്ധിന​ഗറിലെ ചില പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂ‌ടെ നിർവ്വഹിക്കവേയായിരുന്നു അമിത് ഷായുടെ പരാമർശം. ഭീമമായ ഭൂരിപക്ഷത്തിൽ ​ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് അമിത് ഷാ അവകാശപ്പെ‌ട്ടത്. 

കള്ളസ്വപ്നങ്ങൾ വിൽക്കുന്നവരെ ജനങ്ങൾ വിശ്വസിക്കില്ല എന്നതിൽ തനിക്ക് ഉറപ്പാണെന്ന് കെജ്രിവാൾ തിരിച്ചടിച്ചു. അങ്ങനെയുള്ളവരെ വിശ്വസിക്കുന്നതിന് പകരം ദില്ലിയിലും പഞ്ചാബിലും സൗജന്യ വൈദ്യുതി നൽകിയവരെ വിശ്വസിക്കൂ. അവർ ​ഗുജറാത്തിലും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ​ഗുജറാത്തിലെ ജനങ്ങൾ ബിജെപിക്കൊപ്പമാണെന്ന് ഉറപ്പാണെന്ന് അമിത് ഷാ അവകാശപ്പെടുന്നു. ​ഗുജറാത്തിലെ ജനങ്ങളെ അറിയാം. അവർ പ്രവർത്തികൊണ്ടാണ് ആളുകളെ തിരിച്ചറിയുന്നത്. അങ്ങനെ പ്രവർത്തിക്കുന്നവരാകട്ടെ ബിജെപിയിലാണുള്ളത്. ബിജെപിയുടെ വിജ‌യം സുനിശ്ചിതമാണെന്നും അമിത് ഷാ പറയുന്നു. 

എന്നാൽ, അമിത് ഷായെ പരിഹസിക്കുകയാണ് കെജ്രിവാൾ. ബിജെപി വെറുതെ സ്വപ്നം കാണുകയാണ്. അമിത് ഷാ സ്വന്തം പാർട്ടിക്കെതിരെ പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്. അദ്ദേഹം പറയുകയാണ് സ്വപ്നം വിൽക്കുന്നവരെ വിശ്വസിക്കരുതെന്ന്. കെജ്രിവാൾ പറയുന്നു.  ​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ​ഗുജറാത്തിൽ തന്ത്രപ്രധാന നീക്കങ്ങളിലൂടെ വേരുറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും തൊഴിൽരഹിതർക്കും അലവൻസ്, ​ഗുണമേന്മയുള്ള ചികിത്സാസൗകര്യങ്ങൾ, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് കെജ്രിവാൾ മുന്നോട്ടുവെക്കുന്ന വാ​ഗ്ദാനങ്ങൾ. 

Read Also: 'കോൺ​ഗ്രസ് തീർന്നു, അവരുടെ ചോദ്യങ്ങൾ ആര് ശ്രദ്ധിക്കാൻ'; ​അരവിന്ദ് കെജ്രിവാൾ ​ഗുജറാത്തിൽ


   

click me!