കൊൽക്കത്ത: രാത്രി പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന പരാമർശത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം. പശ്ചിമബംഗാളിൽ താലിബാൻ ഭരണമാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചോദിച്ചു. സ്ത്രീയും പുരുഷനും തുല്യരാണെന്നത് മമത സർക്കാർ അംഗീകരിക്കുന്നില്ലേയെന്ന് ചോദിച്ച അദ്ദേഹം, സംസ്ഥാനത്ത് സ്ത്രീകൾക്ക് ജോലിക്ക് പോലും പുറത്തിറങ്ങാൻ പറ്റാതായെന്ന് കുറ്റപ്പെടുത്തി. പൊലീസുകാർ ക്രിമിനലുകളെയാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം വൻ വിവാദമായിരുന്നു. ഒഡീഷ സ്വദേശിയായ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെയാണ് മെഡിക്കൽ കോളേജ് ക്യാംപസിന് സമീപം ക്രൂരപീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴാണ് അതിജീവിതയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പ്രതികരിച്ചത്. രാത്രി പന്ത്രണ്ടരയ്ക്ക് പെൺകുട്ടിയെ സുഹൃത്തിനൊപ്പം പോകാൻ അനുവദിച്ചത് എന്തിനാണെന്ന് ചോദിച്ച മമത, എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും മമത പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്ന് ബിജെപി വിമർശിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ഇന്നലെ പശ്ചിമ ബംഗാളിലേക്ക് ഒഡീഷ സർക്കാർ അയച്ച ഉദ്യോഗസ്ഥർക്ക് അതിജീവിതയെ കാണാൻ അനുമതി നൽകിയിരുന്നില്ല. ഇന്ന് ഒഡീഷ വനിതാ കമ്മീഷനും ബംഗാളിലേക്ക് പോകുന്നുണ്ട്. കേസിൽ ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ പിടിയിലായ 3 പേരെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അപു ബൗരി, ഷെയ്ഖ് ഫിർദോസ്, ഷെയ്ഖ് റിയാസുദ്ദീൻ എന്നിവരാണ് നേരത്തെ പിടിയിലായത്. പിടിയിലായവരിൽ ഒരാൾ പെൺകുട്ടിയുടെ സഹപാഠിയാണെന്നാണ് സൂചന. ദുർഗാപൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.