
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്. ഒപ്പ് വ്യാജമായി ചമച്ചെന്ന പരാതി ഉന്നയിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട രണ്ട് ജനപ്രതിനിധികൾക്കൊപ്പം 50-ഓളം തൃണമൂൽ എം.എൽ.എമാർ അണിനിരക്കുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതോടെ ബംഗാളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ് തൃണമൂൽ കോൺഗ്രസ്. അതേസമയം പിളർപ്പിന് നേതൃത്വം കൊടുക്കുന്ന സിപിഎം പുറത്താക്കിയതിനെ തുടർന്ന് തൃണമൂലിലെത്തിയ ഋതബ്രത ബാനർജിക്കെതിരെ അതിരൂക്ഷ വിമർശനമാണ് മമത ബാനർജി തൊടുത്തുവിട്ടത്. സിപിഎം ചെയ്തതായിരുന്നു ശരിയെന്നും തങ്ങൾക്ക് തെറ്റ് പറ്റിയെന്നുമാണ് മമതയുടെ തുറന്നുപറച്ചിൽ.
മുതിർന്ന തൃണമൂൽ നേതാവ് ശോഭൻദേവ് ചട്ടോപാധ്യായയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പിന്തുണച്ചുകൊണ്ട് നൽകിയ കത്തിൽ തങ്ങളുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് കാണിച്ച് തൃണമൂൽ ജനപ്രതിനിധികളായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരി ഈ വിവരം വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദം പുകഞ്ഞത്. ഇരുവരുടെയും പരാതിയിൽ അസംബ്ലി സെക്രട്ടേറിയറ്റ് പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും നിലവിൽ സിഐഡി വിഭാഗം കേസ് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ട നേതാക്കളെ പിന്തുണച്ച് കൊൽക്കത്തയിലെ ഇ.എം ബൈപ്പാസിന് സമീപമുള്ള ഒരു ഹോട്ടലിൽ വെച്ച് 50 ഓളം തൃണമൂൽ എംഎൽഎമാർ ഋതബ്രത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
ഇതിനെതിരെ കടുത്ത വിമർശനവുമായാണ് മമത ബാനർജി രംഗത്തെത്തിയത്. 'തത്വദീക്ഷയില്ലാത്ത ഒരു വ്യക്തി മുൻപ് സി.പി.എമ്മിൽ ഉണ്ടായിരുന്നു. ടിക്കറ്റിനായി ഞങ്ങളുടെ അടുത്ത് വന്ന് യാചിച്ചപ്പോൾ അയാൾക്ക് സീറ്റ് നൽകിയത് ഞങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണ്. അന്ന് അയാളെ പുറത്താക്കിയ സിപിഎം തീരുമാനം ശരിയായിരുന്നു. ഞങ്ങൾ അയാളെ രക്ഷിക്കാൻ നോക്കിയത് തെറ്റായിപ്പോയി. ഈ വ്യക്തികൾ ഇപ്പോൾ ദിവസവും ബിജെപിയുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയുമാണ്'- എന്ന് മമത ബാനർജി വിമർശിച്ചു. മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഋതബ്രതയെ ഒൻപത് വർഷം മുൻപാണ് സിപിഎം പുറത്താക്കിയത്. 2014 ൽ രാജ്യസഭാംഗമായ അദ്ദേഹത്തെ എംപിയായിരിക്കെയാണ് 2017-ൽ പുറത്താക്കിയത്. ആർ.ജി കർ മെഡിക്കൽ കോളേജ് വിവാദത്തെ തുടർന്ന് തൃണമൂൽ നേതാവ് ജവഹർ സിർകാർ രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചപ്പോൾ, ബാക്കി വന്ന കാലാവധിയിലേക്ക് തൃണമൂൽ ടിക്കറ്റിലാണ് ഋതബ്രത ബാനർജി വീണ്ടും രാജ്യസഭാംഗമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam