
ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026 നെതിരെ അതിരൂക്ഷ വിമർശനവുമായി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. കേന്ദ്ര ബജറ്റെന്നല്ല, 'സാമ്പത്തിക ചതി' എന്നാണ് വിളിക്കേണ്ടതെന്നാണ് സി പി എം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടത്. ഏറ്റവും വലിയ തട്ടിപ്പ് ജി റാം ജി പദ്ധതിയിലാണെന്നും ബേബി ചൂണ്ടിക്കാട്ടി. ജി റാം ജി പദ്ധതിക്കായി 95,000 കോടി രൂപ മാറ്റിവെച്ചത് വലിയ തട്ടിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 60 : 40 എന്ന അനുപാതത്തിലുള്ള കേന്ദ്ര - സംസ്ഥാന വിഹിതം സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത തകർക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിനെതിരായ അവഗണനയിലും സി പി എം ജനറൽ സെക്രട്ടറി രൂക്ഷ വിമർശനം ഉന്നയിച്ചു. ഏറെ പ്രതീക്ഷിച്ച എയിംസ്, വിഴിഞ്ഞം പദ്ധതികൾക്ക് പണം അനുവദിക്കാതെ ആമ സംരക്ഷണത്തിന് തുക മാറ്റിവെച്ചത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബേബി അഭിപ്രായപ്പെട്ടു.
തലസ്ഥാന നഗരഭരണം ബി ജെ പി പിടിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞുനടന്ന ബി ജെ പി നേതാക്കളെപ്പോലും കേന്ദ്രം വിഡ്ഢികളാക്കിയെന്നും സി പി എം ജനറൽ സെക്രട്ടറി പരിഹസിച്ചു. കേരളത്തിന് നേരെ ഹീനമായ ആക്രമണമാണ് കേന്ദ്രം നടത്തിയതെന്ന് വിമർശിച്ച ബേബി, ബജറ്റിനെ ന്യായീകരിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനകൾക്കും മറുപടി നൽകി. മോദിയും അമിത് ഷായും നിർമല സീതാരാമനും കൂടി എന്ത് ചെയ്താലും അതിനെ ന്യായീകരിക്കേണ്ട അവസ്ഥയിലാണ് രാജീവ് ചന്ദ്രശേഖറെന്നായിരുന്നു പരിഹാസം. വികസന കാര്യത്തിൽ കേരളത്തെ തഴഞ്ഞ ബജറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ളതാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്ര ബജറ്റിൽ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിൽ എൽ ഡി എഫും യു ഡി എഫും കടുത്ത പ്രതിഷേധം വ്യക്തമാക്കി. കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് കോറിഡോര്‍ ധാതുഖനനത്തിൽ സ്വകാര്യ മേഖലയെ സഹായിക്കാനുള്ള നീക്കമെന്ന് വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം എല്ലാം കിട്ടിയിട്ടും കേരളത്തെ മാത്രം അവഗണിച്ചു. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തി. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നെന്ന വിമർശനവും പിണറായി ഉന്നയിച്ചു. കേരളത്തോടുള്ള അവഗണനയിൽ അതിശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. കേരളത്തിലെ ബിജെപി നേതാക്കളും പ്രധാനമന്ത്രിയും നടത്തിയത് ഗീർവാണ പ്രസംഗം മാത്രമാണെന്ന് പറഞ്ഞ സതീശൻ, ഒരു സംസ്ഥാനത്തെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്നും ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam