സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് കശ്‌മീരിലേക്ക് തിരികെ പോകാമെന്ന് സുപ്രീം കോടതി

By Web TeamFirst Published Sep 16, 2019, 12:55 PM IST
Highlights

ഇസെഡ് കാറ്റഗറി സുരക്ഷയുള്ള തരിഗാമിയുടെ വാഹനങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ

ദില്ലി: സിപിഎം നേതാവും ജമ്മു കശ്മീർ മുൻ എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് തിരികെ കശ്മീരിൽ പോകാമെന്ന് സുപ്രീം കോടതി. ഇദ്ദേഹത്തിന് എന്തെങ്കിലും പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തരിഗാമിക്ക് ഡോക്ടർമാർ അനുവദിക്കുകയാണെങ്കിൽ മടങ്ങിപ്പോകാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സെപ്തംബർ ഒൻപതിനാണ് തരിഗാമിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ദില്ലിയിലെ ജമ്മു കശ്മീർ ഗസ്റ്റ് ഹൗസിൽ കരുതൽ തടങ്കലിലാണ് തരിഗാമിയെന്ന് ആരോപണം ഉണ്ടായിരുന്നു.

ഹർജി പരിഗണിച്ച കോടതി എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആവശ്യം എന്ന് ആരാഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാമചന്ദ്രനാണ് ഇതിന് മറുപടി നൽകിയത്. "തരിഗാമി ഇസെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ്. കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ വാഹനങ്ങൾ പിൻവലിക്കുകയും യാത്ര ചെയ്യാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു," എന്ന് അഭിഭാഷകൻ അറിയിച്ചു.

തരിഗാമിയുടെ ആരോഗ്യനില എന്താണെന്ന് കോടതി ഇതിന് പിന്നാലെ ചോദിച്ചു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായി അഭിഭാഷകൻ മറുപടി നൽകി. ആരോഗ്യസ്ഥിതി അനുവദിക്കുന്നുവെങ്കിൽ തരിഗാമിക്ക് തിരികെ പോകാമെന്ന് കോടതി വ്യക്തമാക്കി. 

click me!