
കൊല്‍ക്കത്ത: കോൺഗ്രസിനെ (Congress) ഒഴിവാക്കിയുള്ള മമത ബാനർജിയുടെ (Mamata Banerjee) നീക്കത്തിനെതിരെ സിപിഎം (CPM). കോൺഗ്രസ് സർക്കാരുകളും കേന്ദ്ര നീക്കങ്ങളുടെ ഇരയാണ്. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസിനേയും വിളിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. യോഗം രാഷ്ട്രീയ സഖ്യത്തിന് വേദിയാക്കരുതെന്നും സിപിഎം ആവശ്യപ്പെട്ടു. കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിലാണ് മമത ബാനർജി. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനു ശേഷം മമത ബാനർജി ദേശീയ തലത്തിൽ നടത്തിയ നീക്കങ്ങൾ കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു.
ഭിന്നത രൂക്ഷമായപ്പോൾ ദില്ലിയിലെത്തിയ മമതയെ കാണാൻ സോണിയ ഗാന്ധി കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന് സ്വന്തം വഴി തേടാമെന്ന് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ പറഞ്ഞത്. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയക്കുള്ള നീക്കം തുടങ്ങിയെന്നും മമത അറിയിച്ചിരുന്നു. ചന്ദ്രശേഖര റാവു, എം കെ സ്റ്റാലിൻ എന്നിവരുമായി മമത സംസാരിച്ചിരുന്നു. ബംഗാളിലെ മുനിസിപ്പൽ തെരഞ്ഞടുപ്പിൽ 60 ശതമാനം വോട്ട് നേടിയത് മമതയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
അഖിലേഷ് യാദവിനായി മമത പ്രചാരണത്തിനെത്തിയതും ഇതേ ലക്ഷ്യത്തോടെയാണ്. യുപിയിലെ ഫലം വന്നുകഴിഞ്ഞേ മമതയുടെ നീക്കം വിജയിക്കുമോ എന്നറിയാനാവു. എന്നാല്‍ ഗോവയിൽ തൃണമൂൽ നടത്തിയ നീക്കം ജനം തള്ളിയെന്നാണ് കോൺഗ്രസ് പ്രതികരണം. മമത സ്വന്തം വഴി തേടട്ടെ എന്നും എഐസിസി വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഉത്തരാഖണ്ടിലും ഗോവയിലും അധികാരത്തിലെത്തും എന്ന് വിലയിരുത്തുന്ന കോൺഗ്രസ് പ്രതിപക്ഷത്തെ നീക്കങ്ങൾക്ക് ഫലം വരെ കാത്തിരിക്കാം എന്ന നിലപാടിലാണ്.
അപമാനിതനായതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശ്വിനി കുമാര്‍ . പാര്‍ട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും പഞ്ചാബില്‍ പോലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും അശ്വിനി കുമാര്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അശ്വിനി കുമാറിന്‍റെ രാജിക്ക് പിന്നാലെ ഗ്രൂപ്പ് 23 നേതാക്കള്‍ വീണ്ടും നേതൃത്വത്തിനെതിരെ തിരിഞ്ഞു. നാല്‍പത്തിയാറ് വര്‍ഷത്തെ സഹവാസം അവസാനിപ്പിച്ചാണ് അശ്വിനി കുമാര്‍ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങിയത്. പഞ്ചാബ് ഘടകത്തിനെതിരെ ഉന്നയിച്ച പരാതികള്‍ കേട്ടതായി പോലും നേതൃത്വം നടിച്ചില്ല. ചരണ്‍ജിത് സിംഗ് ഛന്നിയുടെ ന്യൂനതകളും ചൂണ്ടിക്കാട്ടിയിരുന്നു. നേരായ വഴിക്കല്ല കാര്യങ്ങള്‍ പോകുന്നതെന്നും ഉപജാപക സംഘത്തിന്‍റെ പിടിയിലാണ് നേതൃത്വമെന്നും അശ്വിനി കുമാര്‍ തുറന്നടിക്കുന്നു.
ബദൽ നേതൃത്വം അവതരിപ്പിക്കാൻ കോൺഗ്രസിനാവുന്നില്ല എന്ന അശ്വിനി കുമാറിൻറെ വാക്കുകൾ രാഹുൽ ഗാന്ധിക്കും ചുറ്റുമുള്ളവർക്കുമെതിരായ അമർഷത്തിന്‍റെ കൂടി സൂചനയാണ്. ഗൗരവപൂര്‍വ്വം ആത്മപരിശോധന നടത്തിയില്ലെങ്കില്‍ പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നീ ഗ്രൂപ്പ് 23 നേതാക്കള്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കിൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാകും എന്ന സൂചനയാണ് വിമത നേതാക്കൾ നല്‍കുന്നത്.