
ദില്ലി: കൊവിഡിൽ പ്രതിസന്ധി നേരിട്ട് സിപിഎം സമ്മേളനങ്ങളും. അടുത്ത ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് അനിശ്ചിതത്വത്തിലായി. കേന്ദ്രകമ്മിറ്റി, പോളിറ്റ് ബ്യൂറോ യോഗങ്ങൾ ഓൺലൈൻ ആയി ചേരാനുള്ള സാധ്യത പരിശോധിക്കുക ആണെന്ന് പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബ്രാഞ്ച് തലം മുതൽ പാർട്ടി കോൺഗ്രസ് വരെയുള്ള സമ്മേളനങ്ങൾ അടുത്ത പത്തു മാസത്തിൽ പൂർത്തിയാക്കേണ്ടതാണ്.
കേരളത്തിലും പശ്ചിമബംഗാളിലും തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ രണ്ടു നിർദ്ദേശങ്ങളാണ് സിപിഎമ്മിനു മുന്നിലുണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കും മുമ്പ് പാർട്ടി കോൺഗ്രസ് ഉൾപ്പടെ പൂർത്തിയാക്കുക. അല്ലെങ്കിൽ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സമ്മേളനങ്ങൾ നടത്തുകയും പാർട്ടി കോൺഗ്രസ് ഇതിനു ശേഷം ആലോചിക്കുകയും ചെയ്യുക. സമ്മേളനങ്ങൾ ആകെ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മതി എന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയർന്നു.
കഴിഞ്ഞ മാസത്തെ പോളിറ്റ് ബ്യൂറോ, സിസി യോഗങ്ങളുടെ അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നു കൊവിഡ് പ്രതിസന്ധിയിൽ പിബി, കേന്ദ്രകമ്മറ്റി യോഗങ്ങൾ മാറ്റിവച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത വർഷം ഒടുവിലോ 2022 ആദ്യമോ മാത്രം സമ്മേളനങ്ങൾ നടക്കാനാണ് സാധ്യത. മുന്ന് വർഷത്തിന് ശേഷവും കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാതെ നീണ്ടു പോകുന്ന അസാധാരണ സാഹചര്യമുണ്ടാകും. ജനറൽ സെക്രട്ടറി പദത്തിൽ സാധാരണ നിലയ്ക്ക് ഒരു ടേം കൂടിയാണ് സീതാറാം യെച്ചൂരിക്ക് ബാക്കിയുള്ളത്.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam