
ദില്ലി : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം. കശ്മീരില്‍ സിപിഎം നേതാവ് യൂസഫ് തരിഗാമി യാത്രയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ തിരുത്ത്. ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കശ്മീരിലെത്തിയപ്പോള്‍, യാത്രയില്‍ പങ്കാളിയാകാമെന്ന് തരിഗാമി ഉറപ്പ് നല്‍കിയതായാണ് എഐസിസി നേതൃത്വം അവകാശപ്പെടുന്നത്.
മെഹ്ബൂബ മുഫ്തി, ഫറൂക്ക് അബ്ദുള്ളയടക്കമുള്ള നേതാക്കളും യാത്രയുടെ ഭാഗമാകും. വിശാല പ്രതിപക്ഷ സഖ്യ നീക്കങ്ങളുടെ സാധ്യത യാത്രയിലൂടെ കോണ്‍ഗ്രസ് പരിശോധിക്കുമ്പോഴാണ് സിപിഎം വിയോജിക്കുന്നത്. യാത്ര കോണ്‍ഗ്രസിന്‍റേതാണെന്നും, പങ്കെടുക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
യാത്രയെ നേരത്തെ കേരള നേതാക്കള്‍ വിമര്‍ശിച്ചപ്പോള്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ അതിനോട് അകലം പാലിച്ചിരുന്നു. എന്നാൽ യാത്രയുടെ സംഘാടനത്തെ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാത്രയില്‍ നേരിട്ട് പങ്കെടുത്താല്‍ കേരളത്തിലടക്കം അത് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്.
അതേ സമയം യാത്ര ദില്ലിയിലെത്തിയപ്പോള്‍ വലിയ സുരക്ഷ വീഴ്ചയുണ്ടായെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. രാഹുല്‍ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അമിത്ഷാക്ക് കത്ത് നല്‍കി. ദില്ലി പോലീസ് രാഹുലിന് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് അമിത് ഷാക്ക് നല്‍കിയ കത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചു.