
ജാംനഗർ: തിരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് മോഡലിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവെന്ന് റിവാബ ജഡേജ. ജനങ്ങൾ എന്നും ബി ജെ പിക്ക് ഒപ്പമെന്നും റിവാബ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗറില്‍ വിജയിച്ചിരിക്കുകയാണ് റിവാബ ജഡേജ. തന്നെ സ്ഥാനാര്‍ത്ഥിയായി സ്വീകരിച്ചവര്‍ക്കും, തനിക്കായി പണിയെടുത്തവര്‍ക്കും, തന്നെ ജനങ്ങളുമായി പരിചയപ്പെടുത്തിയവര്‍ക്കും എല്ലാം അവകാശപ്പെട്ടതാണ് ഈ വിജയം എന്നും റിവാബ വിജയം ഉറപ്പിച്ച ശേഷം പ്രതികരിച്ചു.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവാബ. ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 35000-ത്തിന് അടുത്ത് വോട്ടിന്‍റെ ഭൂരിപക്ഷമാണ് റിവാബയ്ക്ക് ഉള്ളത്. എഎപിയുടെ കർഷൻഭായ് കമ്രൂറും കോൺഗ്രസിന്റെ ബിപേന്ദ്രസിങ് ജഡേജയെയും പരാജയപ്പെടുത്തിയാണ് വിജയം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു റിവാബ ജഡേജ.
ഡിസംബർ ഒന്നിനാണ് ജാംനഗർ നോർത്തില്‍ വോട്ടെടുപ്പ് നടന്നത്. 2022 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ മൊത്തത്തിലുള്ള പോളിംഗ് ശതമാനത്തേക്കാൾ കുറവാണ് ജാംനഗറില്‍ രേഖപ്പെടുത്തിയത്. ബിജെപിയുടെ ധർമേന്ദ്രസിങ് ജഡേജയെ സിറ്റിംഗ് സീറ്റില്‍ നിന്നും മാറ്റിയാണ് ബിജെപി, റിവാബ ജഡേജയെ മത്സരിപ്പിച്ചത്. 53 ശതമാനം വോട്ട് വിഹിതം നേടിയാണ് റിവാബ ബിജെപിക്ക് വേണ്ടി സീറ്റ് നിലനിർത്തുന്നത്.
അതേസമയം ഗുജറാത്തിൽ ആകെയുള്ള 182 സീറ്റിൽ 157 സീറ്റിൽ ബിജെപി വിജയിച്ചു എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് വെറും 18 സീറ്റിലേ ജയിക്കാനായുള്ളൂ. അതേസമയം ആദ്യമായി സംസ്ഥാനത്ത് പോരിനിറങ്ങിയ ആം ആദ്മി പാർട്ടി നാലിടത്ത് മുന്നിലാണ്. സമാജ്വാദി പാർടി ഒരിടത്തും, സ്വതന്ത്രർ രണ്ട് ഇടത്തും മുന്നിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam