Asianet News MalayalamAsianet News Malayalam

ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തിന് കളമൊരുക്കിയ വിനീതവിധേയന്‍, മോദി-കെജ്രിവാൾ ട്രോൾ ചിത്രം പങ്കുവച്ച് സുധീരൻ

ഗുജറാത്തിനെ താമരപ്പാടമാക്കിയെന്ന് അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന വിജയമാണ് ബി ജെ പിയുടേത്. ആകെയുള്ള 182 സീറ്റിൽ 157 സീറ്റിലും ബി ജെ പി ഇപ്പോൾ വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നുണ്ട്

vm sudheeran criticize arvind kejriwal on gujarat election result 2022
Author
First Published Dec 8, 2022, 3:36 PM IST

തിരുവനന്തപുരം: ഗുജറാത്തിലെ ബി ജെ പിയുടെ വമ്പൻ ജയത്തിൽ എ എ പിയെയും ദില്ലി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീതവിധേയനെന്നാണ് കെജ്രിവാളിനെ സുധീരൻ വിശേഷിപ്പിച്ചത്. കെജ്രിവാളിന്‍റെ തലയിൽ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ട്രോൾ ചിത്രവും ഇതിനൊപ്പം മുൻ കെ പി സി സി അധ്യക്ഷൻ പങ്കുവച്ചിട്ടുണ്ട്.

അതേസമയം ഗുജറാത്തിൽ ബി ജെ പി ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. ഗുജറാത്തിനെ താമരപ്പാടമാക്കിയെന്ന് അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന വിജയമാണ് ബി ജെ പിയുടേത്. മൂന്ന് മണിയോടെയുള്ള ഫലം അനുസരിച്ച് ആകെയുള്ള 182 സീറ്റിൽ 157 സീറ്റിലും ബി ജെ പി ഇപ്പോൾ വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നിലംപരിശായി. കോൺഗ്രസിന് വെറും 18 സീറ്റിലാണ് ജയിക്കുകയോ ഇപ്പോൾ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. സംസ്ഥാനത്ത് കന്നി പോരിനിറങ്ങിയ ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ചു എന്നതാണ് ഇത്തവണത്തെ സവിശേഷത. എ എ പി അഞ്ച് സീറ്റുകളിലാണ് ജയിക്കുകയോ ഇപ്പോൾ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. സമാജ് വാദി പാർടി ഒരിടത്തും, സ്വതന്ത്രർ രണ്ട് ഇടത്തും മുന്നിലുണ്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം; അഭിപ്രായ സര്‍വേയില്‍ ഇക്കുറിയും ഏഷ്യാനെറ്റ് ന്യൂസ് - സി ഫോര്‍ തന്നെ !

അതേസമയം ഉജ്ജ്വല വിജയം നേടിയ ഗുജറാത്തിൽ ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമായിട്ടുണ്ട്. ബി ജെ പി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാകും സത്യപ്രതിജ്ഞ നടക്കുക. ഗുജറാത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായാണ് ബി ജെ പി അധികാരം നിലനിർത്തിയത്. ആകെ പോൾ ചെയ്തതിൽ 52 ശതമാനം വോട്ടും നേടിയാണ് ബി ജെ പി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്.

Follow Us:
Download App:
  • android
  • ios