
ദില്ലി: 'ഏഴ് വർഷം എന്റെ കണ്ണുകളിൽ നിന്നൊഴുകിയത് കണ്ണീരല്ല, രക്തമാണ്. കരഞ്ഞ്, കരഞ്ഞ് ഞാൻ കല്ലായി മാറിയിരുന്നു.' അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട മകളെക്കുറിച്ച് നിർഭയയുടെ അമ്മയുടെ വാക്കുകളാണിത്. നീണ്ട ഏഴുവർഷങ്ങളാണ് തന്റെ മകൾക്ക് നീതി ലഭിക്കാൻ ഈ അമ്മ പോരാടിയത്. ജനുവരി 22 നാണ് പ്രതികൾക്ക് വധശിക്ഷ നടപ്പാക്കാൻ കോടതി ഉത്തരവായിരിക്കുന്നത്. നിർഭയ കേസിലെ വിധിപ്രഖ്യാപന ദിവസം നാടകീയ രംഗങ്ങളാണ് കോടതിമുറിയിൽ അരങ്ങേറിയത്.
മരണവാറന്റ് പുറപ്പെടുവിച്ച്, അതിൽ ഒപ്പിടാൻ ജഡ്ജി ഒരുങ്ങിയ നിമിഷം, കുറ്റവാളികളിൽ ഒരാളുടെ അമ്മ നിർഭയയുടെ അമ്മയുടെ മുന്നിൽ കേണപേക്ഷിച്ചു, തന്റെ മകന്റെ ജീവിതം ഇല്ലാതാക്കരുതെന്നായിരുന്നു അവരുടെ അപേക്ഷ. 'എന്റെ മകൾക്ക് സംഭവിച്ചത് ഞാനെങ്ങനെ മറക്കും' എന്നായിരുന്നു അവരുടെ മറുചോദ്യം. പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ അമ്മ തന്റെ മുന്നിൽ അപേക്ഷിച്ചപ്പോൾ തനിക്കൊരു വികാരവും തോന്നിയില്ലെന്ന് നിർഭയയുടെ അമ്മ എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.
''ഏഴ് വർഷം മുമ്പ് എനിക്കെന്റെ മകളെ നഷ്ടപ്പെട്ടു. രക്തത്തിൽ കുതിർന്ന ശരീരവുമായി എന്റെ മകൾ കിടക്കുന്നത് കണ്ടു. അവളുടെ ശരീരം നിറയെ മുറിവുകളായിരുന്നു. മൃഗങ്ങളെപ്പോലെയാണ് അവരെന്റെ കുട്ടിയെ ആക്രമിച്ചത്. ഏഴ് വർഷം ഞാനൊഴുക്കിയത് രക്തക്കണ്ണീരാണ്. എന്റെ മുന്നിൽ ആര് കരഞ്ഞാലും അപേക്ഷിച്ചാലും എനിക്ക് ദയ തോന്നില്ല. കാരണം ഏഴുവർഷം കൊണ്ട് കരഞ്ഞ്, കരഞ്ഞ് ഞാൻ കല്ലായി മാറിയിരിക്കുന്നു.'' നിർഭയയുടെ അമ്മയുടെ വാക്കുകളിങ്ങനെ.
തന്റെ മകൾക്ക് മാത്രമല്ല, രാജ്യത്തെ ഓരോ പെൺകുട്ടിയുടെയും സുരക്ഷയെയും നീതിയെയും കരുതിയുള്ള വിധിയാണിതെന്ന് നിർഭയയുടെ കുടുംബം പറഞ്ഞു. ആയുഷ്കാലം മുഴുവൻ മകളെക്കുറിച്ചുള്ള വേദന നിലനിൽക്കുമെന്നും അവർ പറഞ്ഞു. നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പിലകുമ്പോൾ, നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല എന്ന് കുറ്റവാളികൾക്ക് ഒരു സന്ദേശം ലഭിക്കുക കൂടിയാണെന്ന് അവർ കൂട്ടിച്ചേർത്തു. ജനുവരി 22 രാവിലെ ഏഴുമണിക്കാണ് തീഹാർ ജയിലിൽ വച്ച് നാലുപേരെ തൂക്കിലേറ്റുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam