അക്രമം നടന്ന ശേഷവും ജെഎൻയു വിസി പൊലീസിനോട് പറഞ്ഞത് 'ഗേറ്റിൽ കാത്ത് നി‌ൽക്കാൻ': റിപ്പോർട്ട്

Web Desk   | Asianet News
Published : Jan 09, 2020, 08:35 AM IST
അക്രമം നടന്ന ശേഷവും ജെഎൻയു വിസി പൊലീസിനോട് പറഞ്ഞത് 'ഗേറ്റിൽ കാത്ത് നി‌ൽക്കാൻ': റിപ്പോർട്ട്

Synopsis

എബിവിപി പ്രവർത്തകരാണ് സബർമതി ഹോസ്റ്റലിന് മുന്നിലുണ്ടായിരുന്ന ടി പോയന്‍റിൽ നടന്ന യോഗം അലങ്കോലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരമെന്നാണ് പൊലീസ് സമർപ്പിച്ച പ്രാഥമികവിവര റിപ്പോർട്ടിലുള്ളത്. ജോയന്‍റ് കമ്മീഷണർ ശാലിനി സിംഗാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ അക്രമം നടന്ന ഞായറാഴ്ച, പെരിയാർ ഹോസ്റ്റലിലും സബർമതി ഹോസ്റ്റലിലുമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ മുഖംമൂടിയിട്ട ഒരു സംഘമെത്തി വ്യാപക അക്രമം അഴിച്ചുവിട്ടിട്ടും വൈസ് ചാൻസലർ ജഗ്‍ദീഷ് കുമാർ ദില്ലി പൊലീസിന് അയച്ചത് ഒരു വാട്‍സാപ്പ് സന്ദേശം മാത്രം. അതിൽ പറഞ്ഞിരുന്നത് ക്യാമ്പസിലെ അക്രമം അവസാനിപ്പിക്കാൻ ഇടപെടണമെന്നല്ല, 'ക്യാമ്പസിന്‍റെ ഗേറ്റുകളിൽ കാത്ത് നിൽക്കണ'മെന്ന് മാത്രം.

ദില്ലി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം അക്രമം നടന്ന ഹോസ്റ്റലുകൾ സന്ദർശിച്ച് അക്രമത്തിനിരയായ വിദ്യാർത്ഥികളിൽ നിന്നും, ക്യാമ്പസിൽ നിന്നും ശേഖരിച്ച വിവരങ്ങൾക്കനുസരിച്ചും അക്രമവിവരം അറിഞ്ഞ് എത്തിയ പൊലീസുദ്യോഗസ്ഥരിൽ നിന്നും ശേഖരിച്ച് തയ്യാറാക്കിയ പ്രാഥമിക സ്ഥിതി വിവരറിപ്പോർട്ടിലാണ് വൈസ് ചാൻസലറെ പ്രതിരോധത്തിലാക്കുന്ന ഈ പരാമർശമുള്ളത്.

വെസ്റ്റേൺ റേഞ്ച് ജോയന്‍റ് കമ്മീഷണർ ശാലിനി സിംഗ് നേതൃത്വം നൽകുന്ന അന്വേഷണസംഘമാണ് ജെഎൻയു ക്യാമ്പസിൽ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. എത്രയും പെട്ടെന്ന് ക്യാമ്പസിൽ നടന്നതെന്തെന്ന് അന്വേഷിച്ച് പ്രാഥമികവിവര റിപ്പോർട്ട് നൽകണമെന്ന് ദില്ലി പൊലീസ് കമ്മീഷണർ അമുല്യ പട്‍നായിക് നിർദേശിച്ചിരുന്നു. അതനുസരിച്ചാണ് പൊലീസ് പ്രാഥമിക വിവരറിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പൊലീസ് നൽകും.

റിപ്പോർട്ടിലുള്ളതെന്തൊക്കെ?

ആദ്യമായി ക്യാമ്പസിൽ അക്രമം നടക്കുന്നുവെന്ന് വൈസ് ചാൻസലർ ദില്ലി പൊലീസിന് വാട്‍സാപ്പിൽ മെസേജ് അയക്കുന്നത് വൈകിട്ട് 6.24-നാണ്. ജെഎൻയുവിലെ പെരിയാർ ഹോസ്റ്റലിൽ വ്യാപക അക്രമം നടക്കുകയും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേൽക്കുകയും സബർമതി ഹോസ്റ്റലിന് തൊട്ടടുത്ത് വച്ച് അധ്യാപകരുടെ നേതൃത്വത്തിൽ സമാധാനപരമായി നടന്ന യോഗത്തിന് നേരെ ആക്രമണം ഉണ്ടാവുകയും ഹോസ്റ്റൽ തച്ചുതകർക്കുകയും അവിടെയും വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷമാണിത്. 

സൗത്ത് വെസ്റ്റ് ഡിസിപിയ്ക്കും വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹെഡ് ഓഫീസർക്കുമുള്ള വാട്സാപ്പ് മെസ്സേജിൽ വൈസ് ചാൻസലർ എഴുതിയിരിക്കുന്നത് ഇങ്ങനെ: ''ജെഎൻയുവിലെ ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത്, താങ്കളോട് ക്യാമ്പസിന് പുറത്ത് ഗേറ്റുകളിൽ പൊലീസിനെ വിന്യസിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ക്രമസമാധാനപ്രശ്നമുണ്ടെങ്കിൽ അകത്തേക്ക് ഉടൻ പൊലീസ് സേനയെ അയക്കാൻ ഇത് വഴി കഴിയുമല്ലോ''. 

ഇതിന് ശേഷം വൈസ് ചാൻസലറുടെ ഫോൺ 'നോട്ട് റീച്ചബിൾ' ആയിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നീട് സർവകലാശാലയുടെ ഭാഗത്ത് നിന്ന് ക്യാമ്പസിൽ പ്രവേശിക്കാൻ പൊലീസിന് രേഖാമൂലം അനുമതി കിട്ടുന്നത് വൈകിട്ട് ഏഴേമുക്കാലോടെയാണ്. കൂടുതൽ പൊലീസ് സേനയെ വിന്യസിക്കണമെന്നും ഈ കത്തിലുണ്ടായിരുന്നു. എന്നാൽ പൊലീസ് ക്യാമ്പസിനകത്ത് എത്തിയപ്പോഴേക്ക് 'മാസ്ക് ധരിച്ച അക്രമികൾ പിരിഞ്ഞ് പോയിരുന്നു' എന്നാണ് റിപ്പോർട്ടിലുള്ളത്. 

എന്നാൽ സർവകലാശാലാ റജിസ്ട്രാർ പ്രമോദ് കുമാർ അക്രമങ്ങൾക്ക് ശേഷം പ്രതികരിച്ചത്, ആറരയാകുമ്പോഴേക്ക് സ്ഥലത്ത് പൊലീസ് സേനയുണ്ടായിരുന്നുവെന്നും, ക്യാമ്പസിനകത്തേക്ക് കയറണമെന്ന് അതിന് മുമ്പേ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നുമാണ്. വൈസ് ചാൻസലർ വൈകിട്ട് അഞ്ചരയോടെ പൊലീസിനെ വിളിച്ചിരുന്നുവെന്നും റജിസ്ട്രാർ അവകാശപ്പെട്ടു. എന്നാൽ ഇതിനെല്ലാം വിരുദ്ധമായ റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ച വൈസ് ചാൻസലർ ജഗ്‍ദീഷ് സിംഗ് പൊലീസിനെ വിളിക്കാതിരുന്നതിന് നൽകിയ ന്യായീകരണം ഇങ്ങനെയായിരുന്നു: ''ജെഎൻയു ക്യാമ്പസിൽ ഉടനടി പൊലീസിനെ വിളിക്കുക പതിവില്ല. ഇവിടത്തെ സെക്യൂരിറ്റിക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്നമാണെങ്കിൽ പൊലീസിനെ വിളിക്കേണ്ടതില്ല. പ്രശ്നം കൈവിട്ട് പോവുകയാണെങ്കിൽ മാത്രമേ പൊലീസിനെ വിളിക്കാറുള്ളൂ. ഞായറാഴ്ചയും അത് തന്നെയാണ് ചെയ്തത്''.

എന്നാൽ ജെഎൻയുവിൽ നടന്ന സംഭവങ്ങളെക്കുറിച്ച് പൊലീസ് റിപ്പോർട്ട് പറയുന്നതിങ്ങനെയാണ്. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ മുഖം മൂടി ധരിച്ച അജ്ഞാതർ ക്യാമ്പസിൽ കറങ്ങി നടക്കുന്നതായി വിദ്യാർത്ഥികൾ ശ്രദ്ധിച്ചിരുന്നു. മൂന്നേമുക്കാലോടെ, അമ്പതോളം വരുന്ന അക്രമിസംഘം വടികളും ദണ്ഡുകളുമായി പെരിയാർ ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തുന്നു. ജനാലകളും വാതിലുകളും ചില്ലുവാതിലുകളും തല്ലിത്തകർക്കുന്നു. 

അതിന് ശേഷം ക്യാമ്പസിൽ നിന്ന് നിരവധി ഫോൺകോളുകൾ കിട്ടിയതിനാൽ അഞ്ചേകാലോടെ സൗത്ത് വെസ്റ്റ് ഡിസിപി ക്യാമ്പസിന് അകത്തെത്തി പരിശോധന നടത്തുന്നു. ''പ്രശ്നമൊന്നുമില്ലെന്ന്'' കണ്ട് തിരികെ ഗേറ്റിലേക്ക് പോകുന്നു. 

അടുത്ത അക്രമം നടക്കുന്നത് സബർമതി ഹോസ്റ്റലിന് അടുത്ത് ആറ് മണിയോടെയാണ്. ജെഎൻയു അധ്യാപകസംഘടനയും വിദ്യാർത്ഥികളും അവിടെ വിളിച്ച യോഗത്തിൽ മുഖംമൂടി ധരിച്ച ഒരു സംഘമെത്തി വൻ അക്രമം അഴിച്ചുവിടുന്നു. 

ഇതിന് ശേഷമാണ് വൈസ് ചാൻസലറുടേതടക്കം മെസ്സേജുകൾ കിട്ടിയതെന്നും, അവയിലെല്ലാം പക്ഷേ ഗേറ്റിന് പുറത്ത് കാത്ത് നിൽക്കണമെന്ന് മാത്രമായിരുന്നു നിർദേശമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.  

ഇന്ന് പ്രതിഷേധമാർച്ച്

അക്രമത്തിൽ ഇതുവരെ ഒരു അറസ്റ്റ് പോലുമില്ലാത്തതിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർത്ഥികളും അധ്യാപക സംഘടനയും ഇന്ന് മണ്ഡി ഹൗസിൽ നിന്നും മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11 മണിക്കാണ് മാര്‍ച്ച്. വിസിയെ പുറത്താക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. 

ജെഎൻയു അക്രമത്തിൽ  കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ക്യാമ്പസിൽ എത്തിയ മുഖം മൂടി സംഘം തന്നെ വധിക്കാൻ ശ്രമിച്ചെന്ന് കാട്ടി വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് പൊലീസിൽ പരാതി നൽകിയെങ്കിലും പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം
ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി യുവാവ്; ബുർഖ ധരിക്കാത്തതു കൊണ്ടുള്ള വൈരാഗ്യമെന്ന് പൊലീസ്