
ചെന്നൈ: പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിൽ കോൺഗ്രസ് നേതാവിന് ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗം സമൻസ് അയച്ചു. കോയമ്പത്തൂരിലെ കോൺഗ്രസ് നേതാവായ മയൂര ജയകുമാറിനും തേനി കണ്ണനുമാണ് സിബിസിഐഡി വിഭാഗം സമൻസ് അയച്ചത്.
എന്നാൽ കേസിലെ പ്രതികളിൽ ചിലർ ചില പ്രത്യേക തിയതികളിൽ കോയമ്പത്തൂരിലെ കോൺഗ്രസ് ഓഫീസിലെത്തിയിരുന്നോ എന്നറിയാനാണ് സിബി സിഐഡി വിഭാഗം വിളിപ്പിച്ചതെന്നും കേസുമായി ബന്ധപ്പെട്ട് മറ്റ് ചോദ്യങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും മയൂരാ ജയകുമാർ പറഞ്ഞു. തനിക്കറിയാവുന്ന കാര്യങ്ങൾ എഴുതി നൽകിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടാൽ തനിക്കറിയാവുന്ന എന്ത് വിവരവും നൽകാൻ തയ്യാറാണെന്നും മയൂരാ ജയകുമാർ പറഞ്ഞു.
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രണയക്കുരുക്കിലാക്കി 50ലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികളടക്കം വലിയ പ്രതിഷേധങ്ങളുയർത്തിയിരുന്നു. കേസിലെ പ്രതികൾക്ക് സർക്കാർ സംരക്ഷണം നൽകുന്നുവെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. സംസ്ഥാനത്താകെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു.
എന്നാൽ സിബിഎൈ ഇതുവരെ കേസ് ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല, കൂട്ട ബലാത്സംഗക്കേസിൽ 15ഓളം പേർ ഉൾപ്പെട്ടതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാംഗ്ലൂർ കേന്ദ്രീകരിച്ച് സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കൂടി കണ്ടെത്താനുള്ള ക്രൈം ബ്രാഞ്ച് ശ്രമങ്ങൾക്കിടെയായിരുന്നു കേസ് സിബിഐക്ക് വിട്ടുകൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയത്.
ഏഴു വർഷത്തിനിടെ 50ഓളം സ്ത്രീകളെ പീഡിപ്പിച്ച സംഭവം ദില്ലിയിലെ നിർഭയ കേസിനോളം ഗൗരവമേറിയതാണെന്ന് മദ്രാസ് ഹൈക്കോടതി പരാമർശിച്ചിരുന്നു.കേസിൽ അറസ്റ്റിലായ തിരുന്നാവക്കരശന്‍,ശബരിരാജന്‍,സതീഷ്,വസന്തകുമാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് 50 ഓളം സ്ത്രീകളുടെ ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു.
പരാതി നല്‍കിയ പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളെ അണ്ണാ ഡിഎംകെ യുവജന വിഭാഗം നേതാവ് നാഗരാജ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തയും ചെയ്തത് വലിയ വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam