Republic Day Parade : റിപ്പബ്ലിക് ഡേ ടാബ്ലോ; കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ ഒഴിവാക്കിയതില്‍ വിമർശനം ശക്തം

By Web TeamFirst Published Jan 17, 2022, 5:47 PM IST
Highlights

ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമയുള്ള കേരളത്തിന്‍റെ റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യം ഒഴിവാക്കായത് വിവാദമായ പശ്ചാത്തലത്തിലാണ് വിമർശനം ഉയരുന്നത്.

ദില്ലി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ റിപ്പബ്ലിക് ദിന (Republic Day) നിശ്ചലദൃശ്യങ്ങള്‍ ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമാകുന്നു. സർക്കാർ നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. സ്വാതന്ത്രസമര സേനാനികളുടെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമയുള്ള കേരളത്തിന്‍റെ റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യം ഒഴിവാക്കായത് വിവാദമായ പശ്ചാത്തലത്തിലാണ് വിമർശനം ഉയരുന്നത്. തൊട്ടുകൂടായ്മക്കെതിരെ പോരാടിയ ശ്രീനാരായണ ഗുരുവിന്‍റെ സംഭാവനകളെ എടുത്ത് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു അടക്കമുള്ളവർ കേന്ദ്ര സർക്കാർ നടപടിയെ വിമ‍ർശിച്ചു. കർണാടകയിലെ ബസവണ്ണയോപ്പോലെയാണ് ശ്രീനാരായണ ഗുരുവും. അസ്തിത്വവാദികള്‍ക്കും മതമൗലികവാദികള്‍ക്കും ഗുരുവിനെ അംഗീകരിക്കാനികില്ലെന്നും കേന്ദ്ര നടപടിയെ എതിര്‍ത്ത് ദിനേശ് ഗുണ്ടുറാവു കുറ്റപ്പെടുത്തി.

Also Read: 'റിപ്പബ്ലിക് ഡേ ടാബ്ലോ നിരസിച്ച തീരുമാനം വേദനിപ്പിക്കുന്നു'; പുനപരിശോധിക്കണമെന്ന് മോദിക്ക് കത്തയച്ച് മമത

സർക്കാരിന്‍റ നടപടി ഞെട്ടിച്ചെന്ന് ബംഗാളിന്‍റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെ വിമർശിച്ച് മമത ബാനർജിയും പ്രതികരിച്ചു. സുബാഷ് ചന്ദ്രബോസ്, ബി‍‍ർസ മുണ്ട അടക്കമുള്ളവരെ അദരിക്കാനായി ഒരുക്കിയ നിശ്ചലദൃശ്യം ഒഴിവാക്കിയത് പശ്ചിമ ബംഗാളിലെ ജനങ്ങളെ വേദനപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ മമത ബാനർജി പറഞ്ഞു. എന്നാല്‍ നിലവാരമില്ലാത്തത് കൊണ്ട് മാത്രമാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യം ഒഴിവാക്കിയതും മറ്റ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ബിജെപി പ്രതികരിച്ചു.

ശ്രീനാരായണ ഗുരുവും ജഡായുപ്പാറയും ഉള്‍പ്പെട്ട വിഷയമായിരുന്നു അവസാനഘട്ടത്തില്‍ അനുമതി നിഷേധിച്ചത്. നിശ്ചലദൃശ്യം ഒഴിവാക്കിയതില്‍ ശിവഗിരി മഠവും പ്രതിഷേധം അറിയിച്ചിരുന്നു. 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങള്‍ക്കാണ് അന്തിമ പട്ടികയില്‍ ഇടം ലഭിച്ചിട്ടുള്ളത്. ഇതില്‍ മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമേ പ്രതിപക്ഷം ഭരിക്കുന്നതായുള്ളൂ.

click me!