
ദില്ലി: ടിക്കറ്റില്ലാത്ത യാത്രക്കാർ ട്രെയിനിൽ കയറുകയും സീറ്റിൽ 'അഡ്ജസ്റ്റ്' ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നതിൻ്റെ വീഡിയോ പങ്കുവെച്ച് യാത്രക്കാരൻ. കർണാടകയിലെ ഹംപിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവമാണ് ഇദ്ദേഹം റെഡ്ഡിറ്റിൽ പങ്കുവെച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കിയത്. ‘r/IndianRailways’ എന്ന സബ്റെഡ്ഡിറ്റിൽ "ട്രെയിൻ ടിക്കറ്റില്ലാത്ത യാത്രക്കാർ തട്ടിയെടുത്തു, ഇത് ബീഹാറിലോ യു.പിയിലോ അല്ല" എന്ന തലക്കെട്ടിലാണ് വീഡിയോയും കുറിപ്പും പങ്കുവെച്ചത്.
ഹംപിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു താനെന്നും, ഒരു കൂട്ടം യാത്രക്കാർ ആർപ്പുവിളിച്ചും ചിരിച്ചും ട്രെയിനിലേക്ക് കയറി സീറ്റുകൾ കൈയ്യേറുകയും 'അഡ്ജസ്റ്റ്' ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തെന്നും യാത്രക്കാരൻ കുറിക്കുന്നു. "വടക്കേ ഇന്ത്യയിൽ മാത്രമാണ് ഈ പ്രശ്‌നം ഉള്ളതെന്ന് ഞാൻ കരുതി. എന്നാൽ ദക്ഷിണേന്ത്യയിലും മാറ്റമില്ലെന്ന് ഈ വീഡിയോ തെളിയിക്കുന്നു. വീഡിയോയിൽ, കൂടുതലും സാരി ധരിച്ച സ്ത്രീകളടക്കമുള്ള ഒരു കൂട്ടം റിസർവ് ചെയ്ത സീറ്റുകളിലടക്കം തിക്കിത്തിരക്കി ഇരിക്കുന്നതാണ് കാണുന്നത്.
പലരും ഇത്തരം യാത്രകൾക്കെതിരെ രൂക്ഷമായ പരിഹാസത്തിലൂടെയാണ് പ്രതികിരച്ചത്. എന്നാൽ, മറ്റു ചിലര്‍ ഈ വിഷയം കൂടുതൽ സങ്കീർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി. ഒരു ഉപയോക്താവ് ഇങ്ങനെ കുറിച്ചു: "ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ നിസ്സഹായത ആളുകൾക്ക് ശരിക്കും മനസ്സിലാകുന്നില്ല. റിസർവ് ചെയ്ത കോച്ചുകളിൽ പ്രവേശിക്കുന്നത് പലപ്പോഴും ധിക്കാരമല്ല, നിസ്സഹായത കൊണ്ടാണ്. റെയിൽവേയുടെ പരാജയമാണ് യാത്രക്കാരുടെ തിരക്ക് വർദ്ധിപ്പിക്കുന്നത്. കൂടുതൽ ജനറൽ കോച്ചുകൾ ചേർക്കുന്നതിനു പകരം, ഉയർന്ന വരുമാനം ലക്ഷ്യമിട്ട് അവർ എസി സ്ലീപ്പര്‍ കോച്ചുകളാണ് വർദ്ധിപ്പിക്കുന്നത്' എന്നായിരുന്നു ഒരാളുടെ കമന്റ്.
മറ്റൊരാൾ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു: "രാത്രി ഞാൻ കേരളത്തിൽ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ടിക്കറ്റില്ലാത്ത ഒരു വലിയ സംഘം കയറി, ഒരാൾ ഒരു സ്ത്രീയോട് ചോദിച്ചപ്പോൾ, അവർ മറുപടി പറഞ്ഞു, 'ഞങ്ങൾ മോഷ്ടിക്കുകയൊന്നും ചെയ്തില്ലല്ലോ.' സത്യം പറഞ്ഞാൽ, ഈ അനുഭവം എന്നെ ഭയപ്പെടുത്തി. അവര്‍ ഏകദേശം 50 മുതൽ 100 പേർ വരെ ഉണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഇന്ത്യൻ റെയിൽവേയിലെ തിരക്കിനെക്കുറിച്ചും ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്ന ആദ്യത്തെ സംഭവമല്ല ഇത്. ഈ വർഷം ആദ്യം കൺഫോം ടിക്കറ്റുള്ള യാത്രക്കാരന് ആര്‍എസി യാത്രക്കാരിൽ നിന്ന് ബുദ്ധിമുട്ടുണ്ടായെന്ന പരാതിയും അടുത്തിടെ വാർത്തയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam