അതി നിർണായക ദിനം, തമിഴകത്ത് 3 സാധ്യത, വിജയ് യെ വെട്ടി ഇപിഎസ് മുഖ്യമന്ത്രിയാകുമോ? രാഷ്ട്രപതി ഭരണത്തിനും സാധ്യത, എല്ലാം നാളെ അറിയാം

Published : May 07, 2026, 09:34 PM IST
vijay eps

Synopsis

തമിഴകത്ത് അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ വിജയ് പാടുപെടുമ്പോൾ, ഡിഎംകെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ഇപിഎസും ശ്രമിക്കുന്നു. ഇടതുപാർട്ടികളുടെ നിലപാട് നിർണായകമാകുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിനും സാധ്യതയുണ്ട്

ചെന്നൈ: അടുത്ത മുഖ്യമന്ത്രി വിജയ് യോ അതോ ഇ പി എസോ? രാഷ്ട്രപതിഭരണവും സാധ്യതയോ? ഈ 3 ചോദ്യങ്ങൾക്ക് 3 ദിവസമായി ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമെന്നും ഇടതുപാർട്ടികളും വി സി കെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടി വി കെ. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇതിനിടെ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയതും വെല്ലുവിളിയാണ്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡി എം കെ പിന്തുണയോടെ എ ഐ എ ഡി എം കെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

തമിഴകത്ത് ആര് വാഴും

16 മണിക്കൂറിനിടെ രണ്ടാം വട്ടവും ലോക്ഭവനിലെത്തിയ വിജയ്, സർക്കാർ രൂപീകരണത്തിനുള്ള ക്ഷണം കിട്ടാതെ നിരാശനായാണ് ഇന്ന് മടങ്ങിയത്. ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എം എൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിക്കുന്നത്. പിന്നാലെ സി പി എം, സി പി ഐ, മുസ്ലീം ലീഗ്, വി സി കെ പാർട്ടികളുടെ ഓഫീസുകളിലേക്ക് പാഞ്ഞെത്തി ടി വി കെ സംഘം. 2 എം എൽ എമാരുള്ള 4 പാർട്ടികൾക്കും മന്ത്രിസഥാനവും എൻ ഡി എ കക്ഷികളുമായി ബന്ധപ്പെടില്ലെന്ന ഉറപ്പും നേതാക്കൾ മുന്നോട്ട് വച്ചു. നാളത്തെ നേതൃയോഗത്തിൽ തീരുമാനം പറയാമെന്ന മറുപടിയിൽ പ്രതീക്ഷ വച്ച് ടി വി കെ സംഘം മടങ്ങി.

സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് വിജയ് യെ തടഞ്ഞ് വോട്ടർമാരുടെ രോഷത്തിന് ഇരയാകാൻ ഡി എം കെ ഇല്ല. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയ്ക്ക് കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നതിലാണ് ഡി എം കെയിൽ തർക്കം. എ ഐ എ ഡി എം കെ - ഡി എം കെ സഖ്യം വേണമെന്ന ആവശ്യവുമായി ഡി എം കെയിലെ മുതിർന്ന നേതാക്കളും കരുണാനിധി കുടുംബത്തിലെ ചില അധികാര കേന്ദ്രങ്ങളും സ്റ്റാലിന് മേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് സൂചന. വിജയ്ക്ക് അധികാരം ലഭിച്ചാൽ തുടർഭരണത്തിന് സാധ്യതയുണ്ടെന്നും, ഭൂരിപക്ഷം തെളിയിക്കാനാകാതെ തെരഞ്ഞെടുപ്പിലേക്ക് പോയാൽ ടി വി കെ തരംഗം ഉണ്ടാകുമെന്നും ആണ് മുന്നറിയിപ്പ്. സഖ്യകക്ഷി നേതാക്കളെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ സ്റ്റാലിൻ, ജനവിധി വിജയ്ക്ക് അനുകൂലമെന്നും എതിർക്കുന്നത് ധാർമ്മികതയല്ലെന്നും വിശദീകരിച്ചു. എന്നാൽ ബി ജെ പിയെ അകറ്റി നിർത്താനായി ഡി എം കെ സഖ്യകക്ഷികൾ ടി വി കെയെ പിന്തുണയ്ക്കുന്നതിനോട് വിരോധമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. പുതുച്ചേരിയിലെ റിസോർട്ടിൽ തങ്ങുന്ന എ ഐ എ ഡി എം കെ എം എൽ എമാരെ സന്ദർശിച്ച എടപ്പാടി പളനിസാമി രാഷ്ച്രീയ സാഹചര്യങ്ങൾ വിശദീകരിച്ചെന്നാണ് റിപ്പോർട്ട്. എന്തായാലും നാളെ തമിഴ്നാടിനെ സംബന്ധിച്ചടുത്തോളം അതി നിർണായക ദിനമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീക്കം ശക്തമാക്കി എടപ്പാടി പളനിസാമി; പുതുച്ചേരി റിസോർട്ടിലെത്തി എംഎൽഎമാരെ കണ്ടു, നാളെ ഗവർണറെ കാണാൻ ശ്രമിക്കും
ആ കുടുംബം കൂട്ടത്തോടെ മരിച്ചത് തണ്ണിമത്തൻ കാരണമല്ല, പരിശോധനാ ഫലം പറയുന്നത് മറ്റൊരു കാരണമെന്ന് റിപ്പോർട്ട്