രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകും. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതിന് മുൻപ് വന്ദേമാതരം ആലപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു

ദില്ലി: രാജ്യത്തിന്‍റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യപ്രമേയമായി വന്ദേമാതരവും യുവശക്തിയും. ഇത് ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വന്ദേമാതരം ആലപിച്ച ശേഷമാകും പ്രധാനമന്ത്രി ഇക്കുറി ത്രിവർണ പതാക ഉയർത്തുക. ഇതിന് പിന്നാലെയാകും ദേശീയ ഗാനം ആലപിക്കുക. വന്ദേമാതരത്തിന്റെ പതാകയേന്തിയ വ്യോമസേനയുടെ ഹെലികോപ്റ്റർ ചെങ്കോട്ടയുടെ മുകളിലൂടെ പറക്കും. വന്ദേമാതരത്തിന്റെ 150 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സ്വാതന്ത്യദിനത്തിൽ പ്രധാനപ്രമേയമായി ഉൾപ്പെടുത്തിയത് എന്നാണ് പ്രതിരോധ സെക്രട്ടറി ആർ കെ സിങ് അറിയിച്ചത്. യുവശക്തി പ്രമേയമാക്കുന്നതിലൂടെ ജെൻസി തലമുറക്ക് പ്രത്യേക പരിഗണന നൽകലാണ് ലക്ഷ്യമിടുന്നത്. ഇതിന് ദില്ലിയിലെ സമരവുമായി ബന്ധമില്ലെന്നും പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളുട ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സംസ്ഥാനത്ത് വിവാദം പുകയുന്നു

അതേസമയം വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെ ചൊല്ലി കേരളത്തിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്. ലോക്ഭവൻ നിര്‍ദ്ദേശ പ്രകാരമെന്ന വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‍റെ വാദത്തെ ഗവര്‍ണറുടെ ഓഫീസ് തള്ളിയെങ്കിലും പൂര്‍ണമായി ആലപിക്കുമെന്നും അതാണ് സന്ദേശമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു. ലോക്ഭവൻ എൻ ഷംസുദ്ദീനെ തള്ളിയെങ്കിലും വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന നിലപാടിൽ ഗവര്‍ണര്‍ ഒരു വെട്ടിക്കുറവും വരുത്തിയിട്ടില്ല. 17 വരെ നീളുന്ന ഹര്‍ ഘര്‍ തിരംഗയിൽ വന്ദേ മാതരം മുഴുവൻ ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചത്. പരിപാടി സംഘടിപ്പിക്കേണ്ട തദ്ദേശ ഭരണ വകുപ്പിന്‍റെ സെക്രട്ടറിക്കായിരുന്നു കത്ത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. പക്ഷേ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ലോക്ഭവൻ നിര്‍ദ്ദേശ പ്രകാരമെന്നായിരുന്നു. ലോക്സഭവൻ മന്ത്രിയെ തിരുത്തുകയും ചെയ്തതോടെ ഷംസുദ്ദീൻ പ്രതിരോധത്തിലായി. ലോക്ഭവൻ നിര്‍ദ്ദേശം അതേപടി നടപ്പാക്കാനാണോ സര്‍ക്കാര്‍ എന്ന ചോദ്യവുമായി പ്രതിപക്ഷം യു ഡി എഫിനെതിരെ തിരിഞ്ഞു. ഇതോടെ വന്ദേമാതരം പൂര്‍ണമായി പാടാനാവില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ പറഞ്ഞത് ഓര്‍മിപ്പിച്ച് വിവാദത്തിൽ നിന്ന് തലയൂരാനാണ് മന്ത്രി ശ്രമിച്ചത്. ചീഫ് സെക്രട്ടറിയുടെ കത്തുണ്ടെങ്കിലും വന്ദേ മാതരം പൂര്‍ണമായി പാടേണ്ടതില്ലെന്നാണ് യു ഡി എഫ് സര്‍ക്കാര്‍ നിലപാട്. ആദ്യ ഭാഗം മാത്രം ആലപിച്ചാൽ മതിയെന്ന് മന്ത്രി സിപി ജോണും പറഞ്ഞു. കോണ്‍ഗ്രസുകാര്‍ ഇറ്റാലിയൻ ദേശീയ ഗാനം പാടട്ടെയെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ ഇതിനോട് പ്രതികരിച്ചത്.